ന്യൂഡൽഹി: ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്നും 99.9 ശതമാനം ആളുകളും രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കണമെന്നാണ് താൽപര്യപ്പെടുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.
പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കൊണ്ട് കത്ത് നൽകിയ 23നേതാക്കളുമായി നടക്കുന്ന ചർച്ചകളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംബന്ധിക്കും.
'അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ, കോൺഗ്രസ് അംഗങ്ങൾ എന്നിവരടങ്ങുന്ന ഇലക്ട്രൽ കോളജ് ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കും' -സുർജേവാല പറഞ്ഞു.
'ഞാനടക്കം 99.9 ശതമാനം ആളുകളും രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാഗ്രഹിക്കുന്നു. അന്തിമ തീരുമാനം അദ്ദേഹത്തിേൻറതാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ സോണിയ ഗാന്ധിയിൽ നിന്നും പാർട്ടി നേതൃത്വം ഏറ്റെടുത്ത രാഹുൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാജിവെച്ചിരുന്നു.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടിയെ നയിക്കണമെന്ന നിലപാടിലാണ് രാഹുൽ. മുതിർന്ന നേതാക്കളടക്കം രാഹുലിെൻറ തീരുമാനം മാറ്റാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാഹുലിനായി മുറവിളി ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിെൻറ നിലപാടിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിന് തൊട്ടതെല്ലാം പിഴക്കുകയാണ്. അധികാരക്കൊതി മൂത്ത് എം.എൽ.എമാർ മറുകണ്ടം ചാടിയതോടെ കർണാടകയിലും മധ്യപ്രദേശിലും ഭരണം നഷ്ടമായി. രാജസ്ഥാനിൽ എം.എൽ.എമാരെ ചാക്കിട്ട് പിടിച്ച് ഭരണം അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പാർട്ടിയായിരുന്നു കോൺഗ്രസ്.
ഇതിനിടെ രാജസ്ഥാനിലെയും കേരളത്തിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.