ന്യൂഡൽഹി: 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.എം.കെ നേതാവ് ജാഫർ സാദിഖിനും മറ്റ് നാല് പേർക്കുമെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കുറ്റപത്രം സമർപ്പിച്ചു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം ഫെഡറൽ ആൻ്റി നാർക്കോട്ടിക്സ് ഏജൻസിയാണ് ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജാഫർ സാദിഖിനെയും അദ്ദേഹത്തിൻ്റെ നാല് കൂട്ടാളികളെയും ചാർജ് ഷീറ്റിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2,000 കോടി രൂപയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര നിർമ്മാതാവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഡൽഹിയിലെ ബസായി ദാരാപൂർ ഏരിയയിലെ സാദിഖിൻ്റെ കമ്പനിയായ അവെൻ്റയുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോ മയക്കുമരുന്ന് ഉണ്ടാക്കുന്ന രാസവസ്തുവായ സ്യൂഡോഫെഡ്രിൻ പിടികൂടുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ്.
അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 സ്യൂഡോഫെഡ്രിൻ ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രതികൾ അയച്ചതായി എൻ.സി.ബി പറഞ്ഞു. തമിഴ്, ഹിന്ദി സിനിമാ ധനസഹായം നൽകുന്നവരുമായും ചില ഉന്നതരുമായുള്ള സാദിഖിന്റെ ബന്ധവും രാഷ്ട്രീയ ഫണ്ടിംഗിന്റെ വിശദാംശങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് എൻ.സി.ബി പറഞ്ഞു.
സാദിഖിൻ്റെ പേരും മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധവും എൻ.സി.ബി പരാമർശിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഡി.എംകെ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.