സ്വന്തം സൈനികരെ സംരക്ഷിക്കാത്ത ​സർക്കാറിന് തുടരാൻ അവകാശമില്ല; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശവുമായി പവാർ

മുംബൈ: പ്രതിപക്ഷ സഖ്യനീക്കത്തിനിടെ പിടിതരാത്ത നിലപാടുകൾ തുടരുന്ന എൻ.സി.പി അധ്യക്ഷൻ ശരത്പവാർ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പരാമർശവുമായി രംഗത്ത്. സ്വന്തം സൈനികരെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാറിന് അധികാരത്തിൽ തുടരാൻ ഒരു അവകാശവുമില്ലെന്ന്, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിച്ച് പവാർ തുറന്നടിച്ചു.

പുൽവാമയിൽ 40 സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന് സർക്കാർ ഭാഗത്തുനിന്നുള്ള വീഴ്ച കാരണമായിട്ടുണ്ടെന്ന് പറഞ്ഞ തന്നോട് മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടുവെന്ന് കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ‘‘പല സംഗതികളും രാജ്യത്തു നടക്കുന്നുണ്ടെങ്കിലും ഇതൊന്നും പുറത്തുവരുന്നില്ല. പുൽവാമയെന്ന പ്രദേശത്ത് 40 സൈനികർ കൊല്ലപ്പെടുകയുണ്ടായി.

ഇതിനു പിന്നിലെ യാഥാർഥ്യങ്ങൾ, ബി.ജെ.പി നോമിനിയായ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽമലിക് പുറത്തുകൊണ്ടുവന്നു’’ - പുണെയിലെ കർഷക യോഗത്തിൽ പവാർ പറഞ്ഞു. മലികിന്റെ ആരോപണങ്ങൾ ആവർത്തിച്ച പവാർ, സൈനികർക്ക് വിമാനം നിഷേധിച്ചത് എടുത്തു പറഞ്ഞു. ‘ഇക്കാര്യം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടയാളോട് പറഞ്ഞപ്പോൾ മിണ്ടാതിരിക്കൂവെന്നായിരുന്നു പ്രതികരണ’മെന്നും പ്രധാനമന്ത്രിയെ സൂചിപ്പിച്ച് പവാർ പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ അദാനിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നപ്പോൾ അദാനി അനകൂല നിലപാടാണ് പവാർ എടുത്തിരുന്നത്. 

Tags:    
News Summary - A government that does not protect its own soldiers has no right to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.