ന്യൂഡൽഹി: ഗുരുതര രോഗം ബാധിച്ച 48കാരൻ ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് മലയാളി സുഹൃത്ത് സമർപ്പിച്ച ഹരജി പിൻവലിച്ചു. ഹരജി സമർപ്പിച്ച മലയാളി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ തന്നെയാണ് വ്യാഴാഴ്ച ഡൽഹി ഹൈകോടതിയിൽ അത് പിൻവലിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഹരജി സുഹൃത്തിന് കൂടുതൽ ആഘാതമേൽപിച്ചത് കൊണ്ടാണ് പിൻവലിക്കുന്നതെന്ന് ജസ്റ്റിസ് യശ്വന്ത് വർമക്ക് മുമ്പാകെ അഭിഭാഷകൻ ബോധിപ്പിച്ചു.
എന്തൊരു ഉദ്ദേശ്യം വെച്ചാണോ ഈ ഹരജി സമർപ്പിച്ചത് അത് പാഴാകുമെന്ന് ഭയക്കുന്നതായും സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇതേ തുടർന്ന് ഹരജി പിൻവലിക്കാൻ അനുവാദം നൽകിയ ഹൈകോടതി ദയാവധത്തിന് പോകുന്നയാളുടെ വിശദാംശങ്ങൾ കോടതി രേഖകളിൽ നിന്ന് മറച്ചുവെക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി.
മയാള്‍ജിക് എന്‍സിഫലോമിലിറ്റിസ് എന്ന രോഗം 2014ല്‍ ബാധിച്ച യുവാവ് ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്. അസുഖത്തിന്റെ ആരംഭ കാലത്ത് എയിംസിലായിരുന്നു ചികിത്സ. പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സ തുടരാനാകാതെ വന്നു. ദയാവധത്തിനുള്ള പ്രാരംഭ അന്വേഷണതിനായി കഴിഞ്ഞ ജൂണിൽ സ്വിറ്റ്സർലൻഡിൽ പോയിരുന്നു.
ഇന്ത്യയിലോ വിദേശത്തോ ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടെങ്കിലും യുവാവ് തനിക്കിനി ജീവിച്ചിരിക്കേണ്ട എന്ന കടുംപിടുത്തത്തിലാണെന്നായിരുന്നു ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. യുവാവിന്റെ ജീവിതത്തില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിയാണെന്നും ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സുഹൃത്ത് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി സുഹൃത്ത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.