ന്യൂഡൽഹി: ജലധാര ശിവലിംഗമാണെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദത്തെ തുടർന്ന് വുദുഖാന അടച്ചുപൂട്ടി മുദ്രവെച്ച് കേന്ദ്ര സേനയുടെ സംരക്ഷണത്തിലാക്കിയ വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ റമദാനിൽ വുദു(അംഗശുദ്ധി)വിന് സൗകര്യമേർപ്പെടുത്താൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി അടിയന്തരമായി കേട്ടില്ല.
പുണ്യമാസമായ റമദാൻ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ നമസ്കരിക്കാനെത്തുന്നവരുടെ പ്രയാസം പരിഹരിക്കാൻ ഹരജി തിങ്കളാഴ്ചതന്നെ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. ഇത് തള്ളിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിശ്ചയിച്ചപോലെ ഏപ്രിൽ 14ന് വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.
വുദുഖാന അടച്ചുപൂട്ടി മുദ്രവെച്ച വേളയിൽ വുദുവിന് ബദൽ ക്രമീകരണം ഏർപ്പെടുത്താമെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണെന്ന് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹുസേഫ അഹ്മദി ബോധിപ്പിച്ചത് ചീഫ് ജസ്റ്റിസ് ശരിവെച്ചു.
എന്നാൽ, ഏപ്രിൽ 14നു തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. എന്നാൽ, വുദുഖാന അടച്ചതുമൂലം വീപ്പയിൽ വെള്ളം കൊണ്ടുവന്നു വെച്ച് വുദു ചെയ്യേണ്ട സാഹചര്യമാണെന്നും മതിയായ ക്രമീകരണം ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി ഇത് വരെ നടപ്പാക്കിയിട്ടില്ലെന്നും അഹ്മദി വാദിച്ചു.
റമദാനായതുകൊണ്ടാണ് തങ്ങൾ കേസ് അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെടുന്നതെന്നും ഇന്നുതന്നെ എടുത്താൽ വലിയ കാര്യമായിരിക്കുമെന്നും അഹ്മദി പറഞ്ഞുനോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ജസ്റ്റിസ് സൂര്യകാന്ത് കൂടി അടങ്ങുന്ന ബെഞ്ചായതിനാൽ 14നേ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ മറ്റേതെങ്കിലും ബെഞ്ചായാലും കുഴപ്പമില്ലെന്ന് അഹ്മദി വാദിച്ചു. എന്നാൽ, ആ വാദവും കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.