നരസിംഹറാവു സർക്കാറിൽ ധനമ​ന്ത്രിയായി ചുമതലയേൽക്കുന്നു (ഫയൽ)

മാറ്റത്തി​ന്റെ കൊടുങ്കാറ്റ്

ഇന്ത്യന്‍ സമ്പദ്മേഖലക്ക് ആവശ്യമായ ചികിത്സ എന്തെന്ന് നന്നായി അറിയാവുന്ന ‘ഡോക്ടര്‍’ കൂടിയായിരുന്നു മന്‍മോഹന്‍ സിങ്​. ധനമന്ത്രാലയത്തിലെ സുദീര്‍ഘസേവനം അതിനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിന് ആവോളം സമ്മാനിച്ചിരുന്നു.

മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച് തലസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാര്‍ലമെൻറി​െൻറ നോര്‍ത്ത് ബ്ലോക്കില്‍ ധനമന്ത്രാലയത്തില്‍ ഒരു സര്‍ദാര്‍ജി എത്തി. ഉദ്യോഗസ്ഥവൃത്തങ്ങളില്‍ അദ്ദേഹം അത്ര അപരിചിതനൊന്നുമല്ല. എന്നാല്‍, രാഷ്​ട്രീയവൃത്തങ്ങളില്‍ തികഞ്ഞ അപരിചിതന്‍. രാഷ്​ട്രീയം അദ്ദേഹത്തിനും.

രണ്ട് ദിവസങ്ങള്‍ക്കു ശേഷം പ്രണബ് മുഖര്‍ജിയെയും വി.പി. സിങ്ങിനെയും പോലുള്ള രാഷ്​ട്രീയപ്രമുഖര്‍ വാണിരുന്ന ധനമന്ത്രാലയത്തി​െൻറ പുതിയ അധിപനായി ഇന്ത്യ ആ അപരിചിത​െൻറ പേര് കേട്ടു- ഡോ. മന്‍മോഹൻ ‍സിങ്. പേരുകേട്ട് പുരികം ചുളിച്ചവരെ അമ്പരപ്പിച്ച് ഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ മാറ്റത്തി​െൻറ കൊടുങ്കാറ്റ് ഉയരുന്നതാണ് പിന്നെ കണ്ടത്.

ഒരു മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണയം പോലും കൈവശം ഇല്ലാതെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്ന ഭീഷണി നിലനില്‍ക്കെയായിരുന്നു മന്‍മോഹൻ ‍സിങ്ങി​െൻറ രംഗപ്രവേശം. ഇന്ത്യന്‍ സമ്പദ്മേഖലക്ക് ആവശ്യമായ ചികിത്സ എന്തെന്ന് നന്നായി അറിയാവുന്ന ‘ഡോക്ടര്‍’ കൂടിയായിരുന്നു മന്‍മോഹന്‍ സിങ്​. ധനമന്ത്രാലയത്തിലെ സുദീര്‍ഘസേവനം അതിനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിന് ആവോളം സമ്മാനിച്ചിരുന്നു.

കുതിച്ചുയരുന്ന നാണയപ്പെരുപ്പം, ശുഷ്കമായ വിദേശനിക്ഷേപം, വിദേശ വിനിമയരംഗത്തെ പ്രതിസന്ധി, ഒട്ടും ഒത്തുപോകാത്ത വരവും ചെലവും അങ്ങനെ പുതിയ ധനമന്ത്രിയെ കാത്തിരുന്ന പ്രശ്നങ്ങള്‍ അനവധി. രൂപയില്‍നിന്നുതന്നെ തുടങ്ങി പുതിയ ഡോക്ടറുടെ ചികിത്സ. ഇന്ത്യക്കാര്‍ അതുവരെ കേട്ടിട്ടുപോലുമില്ലാത്ത മൂല്യശോഷണ ശസ്ത്രക്രിയയാണ് പാവം രൂപക്കുമേല്‍ പ്രയോഗിക്കപ്പെട്ടത്. അമ്പരന്നുനിന്ന ജനത്തി​െൻറ ഞെട്ടല്‍ വിട്ടുമാറും മുമ്പ് അതാ വരുന്നു ഡിസ്ഇന്‍വെസ്​റ്റുമെൻറും ഉദാരീകരണവും. അമ്പരപ്പ് അല്‍പം വിട്ടുമാറിയതോടെ വിമര്‍ശകര്‍ രംഗത്തുവന്നു. എവിടെ അടിക്കണമെന്ന് ആദ്യമൊന്നും സാദാ രാഷ്​ട്രീയക്കാര്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. പിന്നെ സടകുടഞ്ഞെഴുന്നേറ്റ അവര്‍ ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണെന്നും പുതിയ ധനമന്ത്രി ലോകബാങ്കി​െൻറയും ഐ.എം.എഫി​െൻററയും ഏജൻറാണെന്നും ആരോപിച്ചു. രാഷ്​ട്രീയം എന്തെന്നറിയാത്ത മന്‍മോഹനുണ്ടോ കുലുക്കം.

അദ്ദേഹം അവതരിപ്പിച്ച ബജറ്റുകളും ജനത്തെ ഞെട്ടിച്ചു. അതുവരെ ചില ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടാനും ചിലതിന് കുറക്കാനും വര്‍ഷാവര്‍ഷം നടത്തുന്ന എന്തോ ഒന്നുമാത്രമായിരുന്നു ശരാശരി ഇന്ത്യക്കാരന് ബജറ്റ്. എന്നാല്‍, ഇക്കൂട്ടരെ മന്‍മോഹൻ സിങ്​ ഒന്നു പഠിപ്പിച്ചു. വിലകൂട്ടാന്‍ ബജറ്റ് വേണ്ട. അത് എപ്പോള്‍ വേണമെങ്കിലുമാവാം.

എന്തായാലും ധനമന്ത്രി ലക്ഷ്യമിട്ടതെല്ലാം നേടി. സ്ഥാനമേല്‍ക്കുമ്പോള്‍ 18 ശതമാനത്തിനടുത്തായിരുന്ന പണപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷം കൊണ്ട് 5.8 ശതമാനത്തിലെത്തി. വിദേശനിക്ഷേപം പതിന്‍മടങ്ങ് വര്‍ധിച്ചു. വിദേശനാണയ കരുതല്‍ ശേഖരം 20000 കോടി ഡോളര്‍ കവിഞ്ഞു. നികുതിരംഗത്താണ് മന്‍മോഹൻ സിങ്​ പിന്നെ വന്‍പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്. ആദായ നികുതി നിരക്കുകളിലും എക്സൈസ് തീരുവയിലും വിപ്ലവകരമായ മാറ്റങ്ങള്‍തന്നെ വന്നു.

ലൈസന്‍സ് രാജ് അവസാനിപ്പിക്കുകയും ഉദാരവാണിജ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്ത മന്‍മോഹന്‍ സിങ്​​ ഇടതുപക്ഷ ചിന്താഗതിക്കാരുടെ രൂക്ഷവിമര്‍ശത്തിന് പാത്രമായി. കമ്മി നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി രാസവള സബ്സിഡിയും സാമൂഹികമേഖലയിലെ ചെലവുകളും വെട്ടിക്കുറച്ചത് സ്വന്തം പാര്‍ട്ടിക്കാരുടെ കൂടി വിമര്‍ശം ക്ഷണിച്ചു വരുത്തി.

അഞ്ചു വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഒതുങ്ങേണ്ടിവന്നപ്പോള്‍ ഏറെ പഴികേട്ടത് മന്‍മോഹന്‍ സിങ്ങും അദ്ദേഹത്തി​െൻറ സാമ്പത്തിക പരിഷ്കാരങ്ങളുമായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ മന്‍മോഹൻ സിങ്ങി​െൻറ പരിഷ്കാരങ്ങളെ വിമര്‍ശിച്ചിരുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഒരു കാര്യം വ്യക്തമാക്കി. മന്‍മോഹൻ സിങ് മാറിയാലും അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് മോചനം അകലെയാണെന്ന്. 2003ല്‍ യു.പി.എയുടെ ലേബലില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒരു പ്രധാനമന്ത്രിക്കായുള്ള അന്വേഷണം മന്‍മേഹന്‍ സിങ്ങില്‍ എത്തിയത് ഏവര്‍ക്കും സ്വീകാര്യന്‍ എന്നതിനപ്പുറം ധനമന്ത്രാലയത്തില്‍ അദ്ദേഹം പ്രകടമാക്കിയ ഭരണവൈദഗ്ധ്യം കൂടിയായിരുന്നു. പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം ഒരുക്കിയതിലും ഇത് നിര്‍ണായകമായി.

Tags:    
News Summary - A storm of change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.