ന്യൂഡൽഹി: ലോക്സഭയിൽ തിരക്കിട്ട് ചർച്ച കൂടാതെ പാസാക്കിയ 'വോട്ടിന് ആധാർ' ബില്ലിന് രാജ്യസഭ വഴി മുടക്കിയേക്കും. സർക്കാറിെൻറ പോക്കിൽ ശക്തമായ പ്രതിഷേധമാണ് രാജ്യസഭയിലുള്ളത്. അതേസമയം, 12 പ്രതിപക്ഷ എം.പിമാർ സസ്പെൻഷനിൽ തുടരുന്ന സാഹചര്യം അംഗബലത്തിെൻറ കാര്യത്തിൽ സർക്കാറിന് കൂടുതൽ സൗകര്യം നൽകും.
നേരത്തേ പ്രതിപക്ഷത്തെ അറിയിച്ചതിൽനിന്ന് വ്യത്യസ്തമായാണ് ലോക്സഭയിൽ സർക്കാർ നീങ്ങിയത്. ബിൽ പാർലമെൻറ് സെലക്ട് കമ്മിറ്റിയുടെ പരിശോധനക്ക് വിടുന്നതിനെക്കുറിച്ചായിരുന്നു രാവിലെ ചർച്ചകൾ. അത് ഉപേക്ഷിച്ച് അനുബന്ധ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉച്ചക്കു ശേഷം ബിൽ കൊണ്ടുവന്ന് ചർച്ചക്കോ, ഭേദഗതി നിർദേശിക്കാനോ അവസരം കൊടുക്കാതെ പാസാക്കിയത്.
രാജ്യസഭയിൽ ചർച്ച കൂടാതെ പാസാക്കാൻ സർക്കാറിനെ അനുവദിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു. വോട്ടിെൻറ സ്വകാര്യത, രഹസ്യ ബാലറ്റിെൻറ തത്ത്വം, സ്വകാര്യതക്കുള്ള മൗലികാവകാശം എന്നീ കാര്യങ്ങളിൽ വോട്ടറുടെ അവകാശം അവമതിക്കുന്നതാണ് ബില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.