ന്യൂഡൽഹി: ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് കേന്ദ്ര സർക്കാർ ധിക്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ. വ്യാഴാഴ്ചയാണ് ഡൽഹിയിലെ ആംആദ്മി സർക്കാറിന് കരുത്തു നൽകിയ വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണെന്നും സർക്കാർ താത്പര്യങ്ങൾ നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും കോടതി വിധിച്ചിരുന്നു.
ജനാധിപത്യ ഭരണഘടനയിൽ ഭരണതലത്തിലെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലാണ് നിക്ഷിപ്തമായതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിധി വരുന്നതിന് മുമ്പ് സേവന വിഭാഗങ്ങളെല്ലാം ലെഫ്. ഗവർണറുടെ അധികാരത്തിനു കീഴിലായിരുന്നു. വിധി വന്നതിനു പിന്നാലെ, ഡൽഹി സർവീസ ഡിപ്പാർട്ട്മെന്റിലെ സെക്രട്ടറിയെ പദവിയിൽ നിന്ന് കെജ്രിവാൾ സർക്കാർ നീക്കിയിരുന്നു. സർക്കാർ പദ്ധതികൾക്ക് തടസം നിൽക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെജ്രിവാൾ മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ വിധിയെ എതിർക്കുന്ന തരത്തിലുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരുക്കം കൂട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‍രിവാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.