രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമ​ന്ത്രി നരേ​ന്ദ്ര മോദി തുടങ്ങിയവർ സംവിധാൻ സദനിലെ ചടങ്ങിനെത്തുന്നു

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ചൊല്ലിക്കൊടുത്ത ആമുഖം ഏക സ്വരത്തിൽ ഏറ്റുചൊല്ലി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിച്ച് പാർലമെന്റ്. ഭരണഘടനാ സഭ ഇന്ത്യൻ ഭരണഘടനക്ക് അംഗീകാരം നൽകിയതിന്റെ 75ാം വാർഷിക ദിനത്തിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഭിന്നതകൾ മാറ്റിവെച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് ഒന്നിച്ചേറ്റു ചൊല്ലിയത്. അവസാന മണിക്കൂറിൽ വേദിയിൽ ഇരുസഭകളിലെയും പ്രതിപക്ഷ ​നേതാക്കൾക്ക് ഇരിപ്പിടമൊരുക്കി പ്രതിപക്ഷ പ്രാതിനിധ്യമില്ലാതാക്കിയെന്ന പരാതി പരിഹരിച്ചതോടെയാണ് ഭരണഘടനാ ദിനത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇന്ത്യൻ പാർലമെന്റിന് ഒരേ സ്വരമായത്.

പാർലമെന്റിന് പുറമെ സുപ്രീംകോടതി സംഘടിപ്പിച്ച ഭരണഘടനാ ദിന ചടങ്ങിൽ പ്രധാനമ​ന്ത്രി നരേ​ന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. തിഹാർ ജയിലിലെ കലാകാരനായ തടവുകാരൻ വരച്ച ചിത്രം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാനമ​ന്ത്രിക്ക് സമ്മാനിച്ചു. ന്യൂഡൽഹിയിലെ താൽകത്തോറ സ്റ്റേഡിയത്തിൽ ഭരണഘടനാ ദിനത്തിൽ കോൺഗ്രസ് ‘ഭരണഘടനാ രക്ഷാ കാമ്പയിൻ’ ഭാഗമായുള്ള ചടങ്ങ് സംഘടിപ്പിച്ചു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ഭരണഘടനാ ദിവസ ചടങ്ങിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ മുഖ്യാതിഥിയായി.

നാണയവും തപാൽ സ്റ്റാമ്പും

75ാം വാർഷികാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ 75 രൂപയുടെ നാണയവും തപാൽ സ്റ്റാമ്പും രാഷ്​ട്രപതി അനാച്ഛാദനം ചെയ്തു. അർഥപൂർണവും ക്രിയാത്മകവുമായ സംവാദത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നാവശ്യപ്പെട്ടാണ് ലോക്സഭാ സ്പീക്കർ ഓം ബിർള ഇരുസഭകളിലെയും എം.പിമാരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. എല്ലാ ജൂൺ 25നും അടിയന്തരാവസ്ഥയുടെ വാർഷികാചരണത്തിന് തുടക്കമിട്ടത് ഓർമിപ്പിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ഭരണഘടനാ ദിന ചടങ്ങിലും പ്രതിപക്ഷത്തി​നെതിരെ ഒളിയമ്പെയ്തു.

ഭരണഘടന വെളിച്ചമെന്ന് പ്രധാനമന്ത്രി

ഭരണഘടന വഴികാണിച്ചുതരുന്ന വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനക്ക് മുന്നിൽ താൻ തല കുനിക്കുകയാണ്. ആദർശമുള്ള മനുഷ്യരുടെ ഒരു സമൂഹമായി ഇന്ത്യയെ കണ്ടാൽ മതിയെന്നാണ് ഭരണഘടനക്ക് അംഗീകാരം നൽകുന്നവേളയിൽ രാജേന്ദ്ര പ്രസാദ് പറഞ്ഞത്. ശിക്ഷയിൽ കേന്ദ്രീകരിച്ച ഇന്ത്യൻ നിയമവ്യവസ്ഥയെ നീതിയിലധിഷ്ഠിതമായ നിയമവ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുന്ന നിയമനിർമാണമാണ് തന്റെ സർക്കാർ നടത്തിയത്. ജമ്മു- കശ്മീരിൽ ഇന്ത്യൻ ഭരണഘടനക്ക് വിധേയമാക്കുകയും ചെയ്തു. രാജ്യത്തെ ഓരോ പൗരനും ഗുണനിലവാരമുള്ള ജീവിതം നയിക്കാനാവുന്ന വികസിത ഭാരതത്തിലേക്കാണ് ഈ സർക്കാറിന്റെ യാത്രയെന്നും മോദി പറഞ്ഞു.

പ്രധാനമ​ന്ത്രി ഭരണഘടന വായിച്ചില്ലെന്ന് രാഹുൽ ഗാന്ധി

പാർലമെന്റിൽ ഭരണഘടനാ ദിന ചടങ്ങ് സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇതൊരാവർത്തി വായിച്ചിരുന്നുവെങ്കിൽ പതിവായി ചെയ്തുകൊണ്ടിരിക്കുന്നതൊന്നും അദ്ദേഹം ചെയ്യുമായിരുന്നില്ലെന്നും താൽകത്തോറ സ്റ്റേഡിയത്തിലെ ‘ഭരണഘടന രക്ഷ കാമ്പയിൻ’ ചടങ്ങിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ പറഞ്ഞു.

ഭരണഘടനയിൽ സവർക്കറുടെ ശബ്ദമുണ്ടോ എന്ന് രാഹുൽ ചോദിച്ചു. അക്രമത്തിന്റെ മാർഗം സ്വീകരിക്കണമെന്നും മനുഷ്യരെ ഭയപ്പെടുത്തണമെന്നും ആക്രമിക്കണമെന്നും കൊലപ്പെടുത്തണമെന്നും കള്ളം പറഞ്ഞ് സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകണമെന്നും ഇതിലെഴുതിയിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു. ദലിതുകളുടെയും പിന്നാക്കക്കാരുടെയും കാര്യം പറയുമ്പോൾ മൈക്ക് ഓഫ് ചെയ്യുമെങ്കിലും താനവരുടെ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും രാഹുൽ പറഞ്ഞു.

വോട്ടുയന്ത്രത്തിൽനിന്ന് ബാലറ്റിലേക്ക് മടങ്ങാൻ ഖാർഗെ

വോട്ടുയന്ത്രങ്ങളിൽനിന്ന് ബാലറ്റിലേക്ക് മടങ്ങണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ താൽകത്തോറ സ്റ്റേഡിയത്തിലെ ചടങ്ങിൽ ആവശ്യപ്പെട്ടു. മനുഷ്യരുടെ പക്ഷപാതപരമായ ഇടപെടൽ ഇല്ലെങ്കിൽ മാത്രമേ യന്ത്രങ്ങൾ കൃത്യത കാണിക്കൂ. അതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏത് ചെറിയ പൗരനുമുള്ള വിശ്വാസം വീണ്ടെടുക്കാൻ ബാലറ്റിലേക്ക് മടങ്ങിയേ തീരൂ.

തുടർച്ചയായി ഈ ആവശ്യം നിരാകരിക്കുന്ന സുപ്രീംകോടതി ചൊവ്വാഴ്ചയും ബാലറ്റിനായുള്ള ഹരജി തള്ളിയ​പ്പോഴാണ് ഖാർഗെ കോൺഗ്രസിന്റ നിലപാട് ആവർത്തിച്ചത്. വിദ്വേഷം പടർത്തുന്നത് അവസാനിപ്പിച്ച് സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ബി.ജെ.പിയോട് ഖാർഗെ ആവശ്യപ്പെട്ടു. 

പ്രതിപക്ഷനേതാക്കളെ ഇരുത്തി; സർക്കാർ ഏറ്റുമുട്ടലൊഴിവാക്കി

പുതിയ പാർലമെന്റ് പണിതതോടെ ‘സംവിധാൻ സഭ’യെന്ന് പേരിട്ട ചരിത്രമുറങ്ങുന്ന പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കായിരുന്നു 1949 നവംബർ 26ന് ഭരണഘടനാ സഭ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷിക ചടങ്ങ്.

സർക്കാർ ആസൂത്രണം ചെയ്ത കാര്യപരിപാടിയിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും വേദിയിൽ ഇരിപ്പിടം അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയെ പ്രസംഗിപ്പിക്കുമെന്നമറിഞ്ഞ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‍കരിക്കാനുള്ള പുറപ്പാടിലായിരുന്നു. ഇതു മണത്തറിഞ്ഞ് സർക്കാർ അവസാനനിമിഷം ഇരു പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടമൊരുക്കുകയും പ്രധാനമന്ത്രി പ്രസംഗിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തതോടെയാണ് ഭരണഘടന ദിന ചടങ്ങിലെ സർക്കാർ - പ്രതിപക്ഷ ഏറ്റുമുട്ടൽ ഒഴിവായത്.

ഭരണഘടനാ ആദർശങ്ങൾ സ്വയം സ്വാംശീകരിക്കുക -രാഷ്​ട്രപതി

ഇന്ത്യൻ ഭരണഘടന ജീവസ്സുറ്റ പുരോഗമന രേഖയാണെന്ന് വിശേഷിപ്പിച്ച രാഷ്​ട്രപതി ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെ സ്വന്തം സ്വഭാവ രൂപവത്കരണത്തിൽ സ്വാം​ശീകരിക്കാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു. ഭരണഘടനാദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനാ ശിൽപികളെയും അതിൽ പങ്കാളികളായ 15 സ്ത്രീകളെയും പ്രത്യേകം അനുസ്മരിച്ച രാഷ്​​ട്രപതി പ്രസംഗത്തിലേറെ സമയവും മോദി സർക്കാർ കഴിഞ്ഞ 10 വർഷം കൈക്കൊണ്ട നടപടികളാണ് സംസാരിച്ചത്. ആമുഖം വായിച്ചപ്പോൾ മതേതരത്വവും സോഷ്യലിസവും വായിച്ചുകൊടുത്ത രാഷ്​ട്രപതി പക്ഷേ തന്റെ പ്രസംഗത്തിൽ ആമുഖത്തിന്റെ സവിശേഷതകളെണ്ണിയ കൂട്ടത്തിൽനിന്ന് ഇവ രണ്ടും ഒഴിവാക്കിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

Tags:    
News Summary - 75th Anniversary of Constitution of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.