അരവിന്ദ് കെജ്രിവാൾ 

മത്സരിച്ചയിടത്തെല്ലാം തോറ്റ് എ.എ.പി; കിട്ടിയത് 'നോട്ട'യെക്കാൾ കുറഞ്ഞ വോട്ട്

ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് ആം ആദ്മി പാർട്ടി. ഇവിടങ്ങളിൽ വോട്ട് വിഹിതത്തിൽ 'നോട്ട'യ്ക്കും പിന്നിലാണ് ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള പാർട്ടി.

അതേസമയം, കോൺഗ്രസിന്‍റെ പരാജയത്തോടെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി തങ്ങളാണെന്ന് ആം ആദ്മി അവകാശപ്പെടുന്നു. ഉത്തരേന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള എ.എ.പിയാണ് ഏറ്റവും വലിയ പ്രതിപക്ഷമെന്ന് പാർട്ടി നേതാവ് ജാസ്മിൻ ഷാ ട്വീറ്റ് ചെയ്തു. കോൺഗ്രസിന് ഉത്തരേന്ത്യയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് ഭരണമുള്ളത്. 


മൂന്നിടത്ത് വിജയം നേടിയ ബി.ജെ.പിയെയും തെലങ്കാനയിൽ വിജയിച്ച കോൺഗ്രസിനെയും അഭിനന്ദനമറിയിച്ച് ആം ആദ്മി പാർട്ടി ഔദ്യോഗിക പ്രസ്താവനയിറക്കിയിരുന്നു. ജനവിധി അംഗീകരിക്കുന്നുവെന്നും ബി.ജെ.പി സർക്കാറുകൾക്ക് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനാകട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു. വാഗ്ദാനം ചെയ്തത് പോലെ മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ജനങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകാനും 450 രൂപക്ക് എൽ.പി.ജി നൽകാനും സാധിക്കട്ടെ. എല്ലാ സംസ്ഥാനങ്ങളിലും ഈ കുറഞ്ഞ നിരക്കിലുള്ള എൽ.പി.ജി ലഭ്യമാക്കട്ടെ -എ.എ.പി പറഞ്ഞു.

ആം ആദ്മി പാർട്ടി അതിന്‍റെ രൂപാന്തരണ ഘട്ടത്തിലാണെന്നും തങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തുന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യമെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് പ്രസ്താവനയിൽ പറയുന്നു. കർണാടക തെരഞ്ഞെടുപ്പിൽ 31 സീറ്റിൽ ബി.ജെ.പിക്ക് കെട്ടിവെച്ച പണം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് നേതൃത്വം നൽകിയ ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി 173 സീറ്റിലും തോറ്റ് നോട്ടക്ക് പിറകിലായി. എന്നാൽ, പിന്നീട് വന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇത് ബി.ജെ.പിയെ ബാധിച്ചില്ല -പ്രസ്താവനയിൽ പറഞ്ഞു.

സഖ്യം നിലനിന്ന് മുന്നോട്ടുപോകുകയാണെങ്കിൽ 2024ൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ഒരു പാർട്ടി നേതാവ് വ്യക്തമാക്കി. ആം ആദ്മി തീരെ ചെറുപ്പമായ പാർട്ടിയാണ്. കോൺഗ്രസിനെ പോലെ 75 വർഷമായി ഇവിടെയുള്ള പാർട്ടിയല്ല. ഞങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്. അത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - AAP Loses All Seats in Rajasthan, MP, Chhattisgarh, Gets Less Votes Than NOTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.