ഡൽഹി മദ്യനയ​ അഴിമതി: സഞ്ജയ് സിങ് അഞ്ചു ദിവസം ഇ.ഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിനെ ഡൽഹി റോസ് അവന്യൂ കോടതി ചോദ്യം ചെയ്യാനായി അഞ്ചു ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഡൽഹി മദ്യനയം മാറ്റാൻ സഞ്ജയ് സിങ് മൂന്നു കോടി അഴിമതി പണം കൈപ്പറ്റിയെന്ന് ആരോപിച്ച് 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിച്ചതെങ്കിലും കോടതി അഞ്ച് ദിവസം അനുവദിക്കുകയായിരുന്നു.

ഡൽഹി വ്യവസായി ദിനേശ് അറോറയുടെ മൊഴിയാണ് സഞ്ജയ് സിങ്ങിനെതിരെ മുഖ്യതെളിവായി ഇ.ഡി ഡൽഹി കോടതിയിൽ കാണിച്ചത്. ഈ മൊഴിക്ക് ബലം നൽകുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്നും ഇ.ഡി കോടതിയിൽ അവകാശപ്പെട്ടു. സർവേഷ് എന്ന അറോറയുടെ ജീവനക്കാരൻ സഞ്ജയ് സിങ്ങിന്റെ വസതിയിൽ എത്തിയാണ് പണം നൽകിയതെന്ന് ഇ.ഡി ആരോപിച്ചു.

ഇതേ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ അറോറ ഇപ്പോൾ മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണെന്നും അയാളുടെ ആരോപണം അംഗീകരിക്കാനാകില്ലെന്നും സഞ്ജയ് സിങ്ങിന്റെ അഭിഭാഷകൻ വാദിച്ചു. അറോറയുടെ മൊഴി സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ കാര്യവും അഭിഭാഷകൻ ഓർമിപ്പിച്ചു. രണ്ട് കോടി സഞ്ജയ് സിങ്ങിന് നൽകിയെന്ന് ആഗസ്റ്റിൽ അറോറ മൊഴി നൽകിയിട്ടുണ്ടെന്ന് ഇ.ഡിയുടെ അഭിഭാഷകനും വാദിച്ചു.

ഇതിനിടയിൽ ഇടപെട്ട ഇ.ഡിയുടെ വാദം ചോദ്യം ചെയ്ത സഞ്ജയ് സിങ് ഇതുവരെ ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്ന ദിനേശ് അറോറയും അമിത് അറോറയും ഇപ്പോൾ തന്റെ പേര് വലിച്ചിഴക്കുകയാണെന്ന് കോടതിയോട് പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പരമാവധി ശിക്ഷ നൽകണമെന്ന് കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണെന്നും ഇത് പ്രതികാരമാണെന്നും സഞ്ജയ് സിങ് തുടർന്നു. 

Tags:    
News Summary - AAP MP Sanjay Singh reaches ED office after he was sent to ED remand till October 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.