'കള്ളനും അഴിമതിക്കാരനുമാണ് ഡൽഹി ലഫ്. ഗവർണർ'; മാനനഷ്ട നോട്ടീസ് കീറിയെറിഞ്ഞ് ആം ആദ്മി നേതാവ്

ന്യൂഡൽഹി: ഖാദി കുംഭകോണവുമായി ബന്ധപ്പെട്ട് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അയച്ച മാനനഷ്ട നോട്ടീസ് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കീറിയെറിഞ്ഞു. ഡൽഹിയിൽ നടത്തിയ

വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ലഫ്റ്റനന്റ് ഗവർണറുടെ നോട്ടീസ് കീറിയെറിഞ്ഞത്. ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ ഭരണഘടനാ പദവിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു.

രാജ്യസഭാംഗം എന്ന നിലയിൽ തനിക്ക് സത്യം പറയാൻ അവകാശമുണ്ടെന്നും ഒരു കള്ളനും അഴിമതിക്കാരനുമായ ആൾ അയച്ച വക്കീൽ നോട്ടീസുകളെ ഭയപ്പെടുന്നില്ലെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവർണർ 2.5 ലക്ഷം കൈത്തൊഴിലാളികളുടെ പണം കൊള്ളയടിച്ചെന്നും എ.എ.പി നേതാവ് ആരോപിച്ചു.

കൊള്ളയടിച്ച പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ സക്‌സേനക്കെതിരെ സി.ബി.ഐയുടെയോ ഇ.ഡിയുടെയോ അന്വേഷണം നടത്തണം. ഇത്തരം നോട്ടീസുകൾ 10 തവണ കീറിയെറിയാൻ കഴിയുമെന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. 

ഖാദി കുംഭകോണ ആരോപണത്തിന് പിന്നാലെ അതിഷി, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പതക്, സഞ്ജയ് സിങ്, ജാസ്മിൻ ഷാ അടക്കമുള്ള എ.എ.പി നേതാക്കൾക്കെതിരെ വി.കെ സക്‌സേന തിങ്കളാഴ്ച വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണം അപകീർത്തികരവും ദുരുദ്ദേശ്യപരവുമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ലഫ്റ്റനന്റ് ഗവർണർ ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിർദേശ പ്രകാരം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് എ.എ.പി ആരോപണം. 

Tags:    
News Summary - AAP MP Sanjay Singh tears Delhi L-G's defamation notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.