ന്യൂഡൽഹി: പങ്കാളി വിവാഹത്തിന് വിസമ്മതിച്ചതിനാൽ ഈബന്ധത്തിലുള്ള 23 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയ അവിവാഹിതയുടെ ആവശ്യം തള്ളി ഡൽഹി ഹൈകോടതി. ജൂലൈ 18ന് ഗർഭം 24 ആഴ്ചപൂർത്തിയാകാനിരിക്കെയാണ് 25 കാരി കോടതിയെ സമീപിച്ചത്.
ഉഭയ സമ്മതത്തോടെയുള്ള ഗർഭധാരണത്തിന് 20 ആഴ്‌ച കഴിഞ്ഞുള്ള ഗർഭഛിദ്രം നിയമപ്രകാരം അനുവദനീയമല്ലെന്ന് നിരീക്ഷിച്ചാണ് ഹരജി തള്ളിയത്. അതേസമയം, അവിവാഹിതരുടെ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകാത്തത് വിവേചനപരമാണെന്ന യുവതിയുടെ വാദത്തിൽ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അവിവാഹിതയായിരിക്കെയുള്ള പ്രസവം മനോവേദനക്കും സാമൂഹിക അവഹേളനത്തിനും ഇടയാക്കുമെന്നും മാതാവാകാൻ മാനസികമായി തയാറല്ലെന്നും യുവതി ഹരജിയിൽ വ്യക്തമാക്കി.
ഭരണഘടന ആർട്ടിക്കിൾ 226 പ്രകാരമുള്ള അധികാരം വിനിയോഗിക്കുമ്പോൾ ചട്ടങ്ങൾക്കപ്പുറത്തേക്ക് പോകാൻ കോടതിക്ക് കഴിയില്ലെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
23 ആഴ്‌ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കില്ലെന്നും ഇത് ഫലത്തിൽ ഭ്രൂണത്തെ കൊല്ലുന്നതിന് തുല്യമാണെന്നും വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. അവിവാഹിതകൾക്ക് ഗർഭഛിദ്ര നടപടിക്രമങ്ങൾക്ക് വിധേയരാകാൻ നിയമം സമയം അനുവദിച്ചിട്ടുണ്ടെന്നും ഉഭയസമ്മത ബന്ധത്തിലുണ്ടായ 20 മുതൽ 24 ആഴ്‌ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി. പ്രസവംവരെ യുവതിക്ക് സുരക്ഷിത താമസൗകര്യം ഒരുക്കാമെന്നും കുട്ടിയെ ദത്തെടുക്കാൻ ആളുകൾ ക്യൂവിലാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.