ലഖ്നോ: ബി.ജെ.പി നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു. 2005ൽ ബി.ജെ.പി നേതാവ് കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാകേഷ് പാണ്ഡെയെ ആണ് പ്രത്യേക ദൗത്യസേന വെടിവെച്ച് കൊന്നത്. ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നിരവധി കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായ രാകേഷ് പാണ്ഡെയെ പിടികൂടുന്നവർക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ലഖ്നോവിലെ സരോജിനി നഗർ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് പാണ്ഡെ കൊല്ലപ്പെട്ടത്.
2005 നവംബർ 29നാണ് എം.എൽ.എ കൂടിയായ ബി.ജെ.പി നേതാവ് കൃഷ്ണാനന്ദ റായിയും മറ്റ് ആറ് പേരും കൊല്ലപ്പെട്ടത്. കേസന്വേഷണം പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നു. മാഫിയ തലവന്മാരായിരുന്ന മുക്താർ അൻസാരിയുടെയും മുന്ന ബജ്രംഗിയുടെയും അനുയായിയായ പാണ്ഡേ ഷാർപ് ഷൂട്ടർ കൂടിയാണ്.
കേസിലെ പ്രതികളായ മുക്താർ അൻസാരി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ 2019ൽ കൃഷ്ണാനന്ദ റായിയുടെ ഭാര്യ അൽക്ക റാണി കോടതിയെ സമീപിച്ചിരുന്നു. ദൃക്സാക്ഷികൾ ഉൾപ്പെടെ പ്രതികൾക്ക് അനുകൂലമായി കൂറുമാറിയിരുന്നു. മറ്റൊരു പ്രതിയായ പ്രേംപ്രകാശ് 2018ൽ ജയിലിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.