കവരത്തി: ലക്ഷദ്വീപിൽ അടിയന്തര ചികിത്സ വൈകും വിധത്തിൽ ചട്ടങ്ങൾ പുതുക്കി അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പേട്ടൽ. എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിലുള്ളതാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർ ആംബുലൻസ് വഴി വിദഗ്ധ ചികിത്സക്കായി ദ്വീപിൽ നിന്ന് കൊണ്ടു പോകേണ്ടത് പരിശോധിക്കാൻ നാലംഗ സമിതിയെ അഡ്മിനിസ്ട്രേറ്റർ ചുമതലപ്പെടുത്തി.
മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ നിർദേശം അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബുലൻസിൽ മാറ്റാനാകു. നേരത്തെ ലക്ഷദ്വീപ് മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടായിരുന്നുവെങ്കിൽ എയർ ആംബുലൻസ് അനുവദിക്കുമായിരുന്നു.
നാലംഗ സമിതി രോഗിയുടെ യാത്രക്ക് അനുമതി നിഷേധിച്ചാൽ കപ്പലിൽ മാത്രമേ ഇവരെ ആശുപത്രിയിലെത്തിക്കാൻ സാധിക്കുകയുള്ളു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് ദ്വീപ്നിവാസികൾ പറയുന്നത്. അതേസമയം അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്ന നാളെ ലക്ഷദ്വീപിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.