മുംബൈ: ഡോ. ബി.ആർ. അംബേദ്കറുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽനിന്ന് തങ്ങൾ പിന്മാറിയതായി മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അംബേദ്കറുടെ എം.എസ്‌സി തിസീസ് പ്രസിദ്ധീകരിക്കാൻ യു.കെ സെനറ്റ് ലൈബ്രറി അനുമതി നൽകിയിട്ടുണ്ടെന്നും അതിനുള്ള നടപടി തുടങ്ങിയതായും സർക്കാർ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയെ അറിയിച്ചു.
അംബേദ്കറുടെ കൃതികൾ സംരക്ഷിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള പദ്ധതി നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച സമിതി കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. പൂർണിമ കാന്താരിയ പറഞ്ഞു. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെമ്പർ സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സും കോടതി മുമ്പാകെ ഹാജരാക്കി.
അംബേദ്കറുടെ തിസീസ് 23 വോള്യങ്ങളായി പ്രസിദ്ധീകരിക്കാനുള്ള കമ്മിറ്റി തീരുമാനത്തെ ജസ്റ്റിസുമാരായ പ്രസന്ന വരാലെ, കിഷോർ സാന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിനന്ദിച്ചു. കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയുടെ ഓണറേറിയം 10,000 രൂപയിൽനിന്ന് 25,000 രൂപയാക്കാൻ യോഗം തീരുമാനിച്ചിരുന്നു. മറ്റ് അംഗങ്ങൾക്കും ഓണറേറിയവും യാത്രാപ്പടിയും താമസസൗകര്യവും നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. നേരത്തെ, സമിതിക്ക് തുച്ഛമായ പ്രതിഫലം മാത്രം നൽകുന്നതിനെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനെയും കോടതി വിമർശിച്ചിരുന്നു. സമിതിയിലെ മെമ്പർ സെക്രട്ടറിക്ക് താമസിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസോ തുഷാർ ബിൽഡിംഗിൽ ലഭ്യമായ ഫ്‌ളാറ്റോ നൽകാൻ മന്ത്രി നിർദ്ദേശിച്ചതായി മിനിറ്റ്സിൽ പറയുന്നു. സമിതിയുടെ അടുത്ത യോഗം ആറാഴ്‌ചയ്‌ക്കുള്ളിൽ നടത്തണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.