മധ്യ​പ്രദേശിനു പിന്നാലെ, ‘ദ കേരള സ്റ്റോറി’ക്ക് നികുതി ഒഴിവാക്കി യു.പിയും

ലഖ്നോ: വിദ്വേഷം പരത്തുന്ന ‘ദ കേരള സ്റ്റോറി’ സിനിമക്ക് നികുതി ഒഴിവാക്കി ഉത്തർ പ്രദേശ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമക്ക് നികുതി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ലോക് ഭവനിൽ സംഘടിപ്പിക്കുന്ന പ്ര​ത്യേക പ്രദർശനത്തിൽ യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സിനിമക്ക് നേരത്തെ മധ്യപ്രദേശും നികുതി ഒഴിവാക്കി നൽകിയിരുന്നു. യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര ലഖ്നോവിലെ 100 പെൺകുട്ടികൾക്കായി സിനിമ സൗജന്യ പ്രദർശനം നടത്തിയിരുന്നു.

സംസ്ഥാനത്ത് സിനിമ നിരോധിച്ചതായി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു. തമിഴ്നാട്ടിൽ സിനിമ കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം നിർത്തി. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നിരോധനം നേരിടുകയാണ്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദ കേരള സ്റ്റോറിയിൽ ആദാ ശർമയാണ് നായിക.

വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിച്ചത്.

എന്നാൽ, വ്യാപക വിമർശനം ഉയർന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തിൽനിന്ന് ‘32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.

Tags:    
News Summary - After Madhya Pradesh, UP declares ‘The Kerala Story’ tax-free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.