സുപ്രധാന വകുപ്പുകൾ കെജ്‍രിവാൾ ഏറ്റെടുത്തേക്കും; സിസോദിയയുടെ അറസ്റ്റോടെ ഡൽഹിയിൽ അനിശ്ചിതത്വത്തിലാകുന്നത് നിരവധി പദ്ധതികൾ

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതോടെ, ഡൽഹി സർക്കാർ കൊണ്ടുവന്ന നിർണായക പദ്ധതികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റോഡുകളുടെ സൗന്ദര്യവൽകരണം, ഗതാഗതക്കുരുക്ക് കുറക്കൽ എന്നീ നിർണായക പദ്ധതികളിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. ഡൽഹി സർക്കാരിന്റെ 33വകുപ്പുകളിൽ 18 എണ്ണവും വഹിച്ചിരുന്ന സിസോദിയ എ.എ.പി സർക്കാരിന്റെ ഭരണപരമായ മുഖമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പി.ഡബ്ല്യു.ഡി എന്നീ സുപ്രധാന വകുപ്പുകളും സിസോദിയക്ക് കീഴിലായിരുന്നു.

കഴിഞ്ഞ വർഷം മേയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായതിനെ തുടർന്നാണ് ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ സിസോദിയക്ക് കൈമാറിയത്. മദ്യനയ കേസിൽ സിസോദിയയെ മാർച്ച് നാലുവരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കോടതി.

ഏകദേശം 1,300 കിലോമീറ്റർ റോഡുകൾ ഡൽഹി സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്.  നല്ല രീതിയിൽ രൂപകല്പന ചെയ്ത കാൽനട സൗഹൃദ നടപ്പാതകൾ, തോട്ടങ്ങളിലൂടെയുള്ള പച്ചപ്പിന്റെ വികസനം, ഓപ്പൺ എയർ ഇരിപ്പിട സൗകര്യം, സൈക്കിൾ ട്രാക്കുകൾ, സെൽഫി പോയിന്റുകൾ, വാട്ടർ എ.ടി.എമ്മുകൾ, ടോയ്‌ലറ്റുകൾ, തെരുവ് ഫർണിച്ചറുകൾ തുടങ്ങിയ പൊതു സൗകര്യങ്ങൾ എന്നിവയാണ് റോഡുകളുടെ സൗന്ദര്യവൽകരണത്തിൽ ഉൾപ്പെടുന്നത്.

ഉദ്യോഗസ്ഥരുമായി പതിവായി കൂടിക്കാഴ്ച നടത്തി പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുന്നതിൽ സിസോദിയ നിരന്തരം ​ശ്രദ്ധ ചെലുത്തിയിരുന്നു. അറസ്റ്റോടെ ഈ പദ്ധതികൾ മന്ദഗതിയിലാകുമെന്നാണ് കരുതുന്നത്.

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾക്കായി ഡൽഹി സർക്കാർ 1,000 കോടി രൂപയിലധികം ചെലവഴിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇതും തടസ്സപ്പെട്ടേക്കും. ജെയിനിനെ പോലെ സിസോദിയയും മന്ത്രിസഭയുടെ ഭാഗമായി തുടരുമെന്നാണ് എ.എ.പി നേതാക്കൾ പറയുന്നത്. സിസോദിയയുടെ വകുപ്പുകൾ മറ്റ് മന്ത്രിമാരായ കൈലാഷ് ഗഹ്‌ലോട്ട്, ഇംറാൻ ഹുസൈൻ, ഗോപാൽ റായ് എന്നിവർക്ക് കൈമാറാനും എ.എ.പി ആലോചിക്കുന്നുണ്ട്. ചില പ്രധാന വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഭാവികാര്യങ്ങൾ തീരുമാനിക്കാനായി പാർട്ടി നേതാക്കൾ ഉടൻ യോഗം ചേരും.

Tags:    
News Summary - After Manish Sisodia's arrest, uncertainty over key projects in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.