ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് രാജി വെച്ചതിനു പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് രാധിക ഖേര. അയോധ്യ രാമക്ഷേത്രം സന്ദർശിച്ചതിന് ശേഷം കോൺഗ്രസ് തന്നെ വെറുക്കാൻ തുടങ്ങിയെന്നും ക്ഷേത്രത്തിൻ്റെ വീഡിയോകളും ഫോട്ടോകളും പങ്കിടരുതെന്ന് പറഞ്ഞതായും രാധിക പറഞ്ഞു. ഡൽഹിയിലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാധിക.
തെരഞ്ഞെടുപ്പ് കാലത്ത് രാമക്ഷേത്രം സന്ദർശിക്കരുതെന്ന് പാർട്ടിയിൽ നിന്ന് പറഞ്ഞിരുന്നു. വീടിനു മുന്നിൽ 'ജയ് ശ്രീറാം' എന്ന പതാക സ്ഥാപിച്ചത് തനിക്കെതിരെ കോൺഗ്രസിൽ വിദ്വേഷമുണ്ടാക്കി എന്നും രാധിക പറഞ്ഞു. കോൺഗ്രസിൽ രാമവിരുദ്ധതയും ഹിന്ദുവിരുദ്ധതയുമാണ് താൻ എപ്പോഴും കേട്ടിട്ടുള്ളതെന്നും രാധിക പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ഒരു കോൺഗ്രസ് നേതാവ് തനിക്ക് മദ്യം വാഗ്ദാനം ചെയ്യുകയും മദ്യലഹരിയിൽ പ്രവർത്തകർക്കൊപ്പം തൻ്റെ വാതിലിൽ മുട്ടുകയും ചെയ്തുവെന്നും ഖേര ആരോപിച്ചു. സംഭവത്തെക്കുറിച്ച് സച്ചിൻ പൈലറ്റിനെയും ജയറാം രമേശിനെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാധിക വ്യക്തമാക്കി.
പാർട്ടി അംഗങ്ങൾ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം രാധിക കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. തന്റെ രാജിക്കത്ത് സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.