ന്യൂഡൽഹി: കാൽനടയാത്രക്കാരനെ വാഹനമിടിച്ച് ഗുരുതര പരിക്കേൽപിച്ചെന്നാരോപിച്ച് പാകിസ്താനിൽ ഇന്ത്യൻ ഹൈകമീഷൻ ഒാഫിസിലെ രണ്ടു ജീവനക്കാരെ അറസ്റ്റുചെയ്തു, ഇന്ത്യൻ പ്രതിഷേധത്തെതുടർന്ന് ഇവരെ മണിക്കൂറുകൾക്കകം വിട്ടു. സംഭവത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ഉരസൽ.
ഇരുവരും അറസ്റ്റിലായെന്ന റിപ്പോർട്ടുകൾക്കിടെ പാകിസ്താൻ ഹൈകമീഷനിലെ ഷർഷെ ദഫേ സയ്യിദ് ഹൈദര്‍ ഷായെ വിദേശകാര്യ വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ചോദ്യംചെയ്യാനോ പീഡിപ്പിക്കാനോ പാടില്ലെന്നും ഉടൻ വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനുപുറകേയാണ് ഇരുവരും ഓഫീസിൽ തിരിച്ചെത്തിയത്.
ചാരവൃത്തി ആരോപിച്ച് രണ്ടാഴ്ച മുമ്പ് പാകിസ്താൻ ഹൈകമീഷനിലെ രണ്ടു ജീവനക്കാരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ സംഭവം. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഇസ്ലാമാബാദിലെ ഓഫിസിൽനിന്ന് ഔദ്യോഗിക ആവശ്യത്തിന് പുറത്തുപോയ സി.ഐ.എസ്.എഫ് സുരക്ഷ ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കാണാതായെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, വാഹനാപകടത്തെ തുടർന്ന് ഇരുവരും അറസ്റ്റിലായതായി പിന്നീട് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.
ഇസ്ലാമാബാദിൽ കാൽനടയാത്രക്കാരനെ വാഹനമിടിച്ച് ഗുരുതര പരിക്കേൽപിച്ചതിന് ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്തതായി പാകിസ്താനിലെ ജിേയാ ന്യൂസ് ടി.വി ആണ് റിപ്പോർട്ട്ചെയ്തത്. ഇതേതുടർന്ന്, ജീവനക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പാക് അധികൃതർക്കാണെന്ന് ഇന്ത്യ അറിയിച്ചു. ഇതോടെ, കസ്റ്റഡിയിൽനിന്ന് വിട്ടയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചില്ല.
സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇന്ത്യക്കാരനിൽനിന്ന് പണം നൽകി വാങ്ങുന്നതിനിടെ ഡൽഹി പൊലീസിെൻറ പിടിയിലായ ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് അനഭിമതരായി പ്രഖ്യാപിച്ച് ഇന്ത്യ പുറത്താക്കിയത്. ഇതിനുശേഷം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന് കര്‍ശനമായ നിരീക്ഷണത്തിലാക്കിയതായി പരാതിയുയര്‍ന്നിരുന്നു. ഇസ്ലാമാബാദ് ഇന്ത്യൻ ഹൈകമീഷനിലെ ഷർഷെ ദഫേ ഗൗരവ് അഹ്ലുവാലിയയുടെ കാറിനെ ബൈക്ക് പിന്തുടര്ന്നിരുന്നു.
ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താന് എഴുതിയിരുന്നു. പാക് ജീവനക്കാരെ പുറത്താക്കിയതോടെ സമാന നടപടി ഇന്ത്യയും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറെ പാകിസ്താൻ പുറത്താക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഉലഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.