ന്യൂഡൽഹി: താജ്മഹലിന് പിന്നിലുള്ള മെഹ്താബ് ഭാഗ് കോംപ്ലക്സിൽ നിയമം ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നോട്ടീസ് നൽകി. മെഹ്താബ് ബാഗിലെ പാർക്കിങ് കോൺട്രാക്ടറായ വിനോദ് യാദവാണ് നിയമം ലംഘിച്ച് വിവാഹം നടത്തിയതെന്ന് ആഗ്ര ആർക്കിയോളജിക്കൽ സർവേ സൂപ്രണ്ട് ആർ.കെ.പാട്ടീൽ പറഞ്ഞു.
നോട്ടീസ് നൽകിയതിനൊപ്പം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർക്കിയോളജി സർവേ ജില്ലാ അധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് വിനോദ് റായ് വിവാഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർക്കിങ്ങും കാന്‍റീനുമല്ലാതെ മറ്റൊരു പ്രവർത്തനവും കെട്ടിടത്തിൽ നടത്താൻ വിനോദ് റോയിക്ക് അനുമതിയില്ല.
എന്നാൽ, ഇയാൾ വിനോദസഞ്ചാരികൾക്കായി ടൂറിസ്റ്റ് റുമുകൾ തുറക്കുകയും ടെന്‍റുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ ടെന്‍റുകൾ വിവാഹാഘോഷങ്ങൾക്കായി വിട്ടു നൽകുകയും ചെയ്തതായാണ് ആരോപണം. കഴിഞ്ഞ ദിവസം ഇവിടെ വിവാഹം നടന്നപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ ഉച്ചത്തിൽ പാട്ടുവെക്കുകയും ചാണകകേക്കുകൾ കത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ സെക്രട്ടറി വിശാൽ ശർമ്മ പറഞ്ഞു. താജ്മഹലിന് 500 മീറ്റർ ചുറ്റളവിൽ ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഇതിന് പുറമേ തന്തുരി അടുപ്പ് ഉപയോഗിക്കുകയും വൈദ്യുതി ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.