ന്യൂഡൽഹി: അഗ്നിപഥ് ശരിയായ ദിശയിലുള്ളതും അനിവാര്യവുമായ പരിഷ്കരണ പദ്ധതിയാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരി. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് തള്ളുന്ന സമീപനമാണ് മനീഷ് തിവാരിയുടേത്. സായുധ സേന ഒരു തൊഴിലുറപ്പ് പരിപാടിയാകരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് മനീഷ് തിവാരിയുടെ പ്രതികരണം.
പതിനേഴര വയസ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്നാണ് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്.
അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പ്രക്രിയയിൽ ആശങ്ക പ്രകടിപ്പിക്കുന്ന യുവാക്കളോട് എനിക്ക് സഹതാപമുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയിൽ പരിജ്ഞാനമുള്ള യുവസൈന്യത്തെ ഇന്ത്യക്ക് ആവശ്യമുണ്ടെന്നും എന്നാൽ രാജ്യത്തിന്‍റെ സായുധസേന തൊഴിൽ ഉറപ്പിക്കുന്ന പരിപാടിയാവരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ, തിവാരിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും കോൺഗ്രസ് നേതാവ് സപ്തഗിരി ഉലക പ്രതികരിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇളവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആക്കിയാണ് ഉയർത്തിയത്. ഈ വർഷം നടത്തുന്ന നിയമനങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.