യു.എസ് കോടതി വിധിയിൽ വീണ്ടും കത്തി ‘പെഗസസ്’ ഫോൺ ചോർത്തൽ; ഉന്നമിട്ട 300 പേരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ മോദി സർക്കാറിനോട് കോൺഗ്രസ്

ന്യൂഡൽഹി: യു.എസ് കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും കത്തി ‘പെഗസസ്’ ഫോൺ ചോർത്തൽ കേസ്. വിധി ഉയർത്തിക്കാട്ടി ‘പെഗസസ് സ്പൈവെയർ’ അന്വേഷണം വീണ്ടും തുറക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്പൈവെയറിലൂടെ ലക്ഷ്യമിടുന്ന 300 പേരുകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് കോൺഗ്രസ് രാജ്യസഭാ എം. പി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. അനധികൃതമായി വിവരങ്ങൾ ഹാക്ക് ചെയ്യാൻ സോഫ്റ്റ്വെയർ ഉപയോഗിച്ചതായ യു.എസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി കൂടുതൽ അന്വേഷണം നടത്തുമോ എന്നും അദ്ദേഹം ചോദിച്ചു. 300 ഇന്ത്യക്കാരുടെ വാട്സ്ആപ് നമ്പറുകൾ ലക്ഷ്യമിട്ടതായി യു.എസ് വിധി ഉദ്ധരിച്ച് സുർജേവാല അവകാശപ്പെട്ടു.

2019ൽ 1400 വാട്സ്ആപ് ഉപയോക്താക്കളുടെ ഉപകരണങ്ങൾ ഹാക്ക് ചെയ്തതിന് ഇസ്രായേലിന്റെ എൻ.എസ്.ഒ ഗ്രൂപ്പിന് ബാധ്യതയുണ്ടെന്ന് കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ യു.എസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. സർക്കാറുകൾക്ക് മാത്രം വിൽക്കുന്ന പെഗാസസ് സ്പൈവെയർ, മൂന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാരുടെയും രണ്ട് ബി.ജെ.പി കേന്ദ്ര മന്ത്രിമാരുടെയും ഒരു ജഡ്ജിയുടെയും ഇന്ത്യയിലെ നിരവധി മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ബിസിനസുകാരുടെയും വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചതായി 2021 ൽ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാറും ഇസ്രായേലിന്റെ എൻ.എസ്.ഒ ഗ്രൂപും ആരോപണങ്ങൾ തള്ളുകയായിരുന്നു.

അതേസമയം, യു.എസ് കോടതിയിൽ വാട്സ്ആപ് ഹാക്ക് ചെയ്തതിന്റെയും കരാർ ലംഘിച്ചതിന്റെയും ഉത്തരവാദിത്തം എൻ.എസ്.ഒ ഏറ്റെടുത്തു. ‘പെഗസസ്’ എന്ന സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാൻ വാട്സ്ആപിലെ പിഴവ് മുതലെടുത്തതായും അവർ അറിയിച്ചു. എൻ.എസ്.ഒ നൽകേണ്ട നാശനഷ്ടങ്ങൾ നിർണയിക്കാൻ കേസ് ഇനി വിചാരണയിലേക്ക് നീങ്ങും.

നിയമവിരുദ്ധമായ സ്പൈവെയർ റാക്കറ്റിൽ ഇന്ത്യക്കാരുടെ 300 വാട്സ്ആപ് നമ്പറുകൾ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്ന് ‘പെഗസസ്’ സ്പൈവെയർ കേസ് വിധി തെളിയിക്കുന്നുവെന്ന് സുർജേവാല ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ‘മെറ്റാ v/s എൻ.എസ്.ഒ’ കേസിലെ യു.എസ് കോടതിയുടെ വിധി സുപ്രീംകോടതി ശ്രദ്ധിക്കുമോ? 2021ൽ സമർപ്പിച്ച പെഗസസ് സ്പൈവെയറിനെക്കുറിച്ചുള്ള സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ റിപ്പോർട്ട് പരസ്യമാക്കാൻ സുപ്രീംകോടതി മുന്നോട്ട് പോകുമോ?- എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചോദ്യം. പെഗസസ് കേസിൽ നീതിയുടെ ലക്ഷ്യം നിറവേറ്റാൻ 300 പേരുകൾ സ്വയം സമർപ്പിക്കാൻ സുപ്രീംകോടതി ഇപ്പോൾ ‘മെറ്റ’യോട് ആവശ്യപ്പെടുമോ എന്നും സുർജേവാല ചോദിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ വരിക്കാരുടെ അടിത്തറ വാട്സ്ആപിനും ഫെയ്സ്ബുക്കിനും ഉള്ളതിനാൽ പെഗസസ് ലക്ഷ്യമിടുന്ന 300 ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവിടാനുള്ള ഉത്തരവാദിത്തം ഫേസ്ബുക്കിന് (ഇപ്പോൾ മെറ്റ) ഇല്ലേ? മോദി സർക്കാർ ഉത്തരം പറയേണ്ട സമയമായി. ആരാണ് ലക്ഷ്യമിട്ട 300 പേർ? ആരാണ് രണ്ട് കേന്ദ്രമന്ത്രിമാർ? ആരാണ് മൂന്ന് പ്രതിപക്ഷ നേതാക്കൾ? ആരാണ് ഭരണഘടനാ അധികാരി? ആരാണ് മാധ്യമപ്രവർത്തകർ? ആരാണ് ബിസിനസുകാർ? ബി.ജെ.പി സർക്കാറും ഏജൻസികളും എന്ത് വിവരങ്ങളാണ് അവരിൽ നിന്ന് എടുത്തത്? അത് എങ്ങനെ സാധിച്ചു​? അതെങ്ങനെ ദുരുപയോഗം ചെയ്തു?എന്താണ് അതിന്റെ അനന്തരഫലം? നിലവിലെ സർക്കാറിനും എൻ.എസ്.ഒയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും അതിന്റെ ഉദ്യോഗസ്ഥർക്കുമെതിരെ ഉചിതമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമോ? -തുടങ്ങിയ ചോദ്യങ്ങളും കോൺഗ്രസ് നേതാവ് ഉന്നയിച്ചു.

നിരവധി ഹരജികൾ ആവശ്യപ്പെട്ടതനുസരിച്ച് പെഗസസ് സ്‌നൂപ്പിംഗ് ആരോപണങ്ങൾ അന്വേഷിക്കാൻ 2021ൽ സുപ്രീംകോടതി ഒരു സാങ്കേതിക സമിതി രൂപീകരിച്ചിരുന്നു. പെഗസസ് വഴിയുള്ള നിയമവിരുദ്ധ നിരീക്ഷണത്തിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് 2022ൽ കമ്മിറ്റി റിപ്പോർട്ട് നൽകി. എന്നാൽ, ഈ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

Tags:    
News Summary - Pegasus probe test for Supreme Court: Who were snoop targets? Congress asks Modi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.