അഹ്മദാബാദ്: 38 പേർക്ക് വധശിക്ഷ വിധിച്ച അഹ്മദാബാദ് സ്ഫോടനക്കേസിലെ മാപ്പുസാക്ഷിക്കെതിരെ ആരോപണങ്ങളുമായി ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികൾ കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം തങ്ങൾക്കെതിരെ മാപ്പുസാക്ഷി കള്ളമൊഴി നൽകിയെന്ന് ഒരു പ്രതി പറഞ്ഞപ്പോൾ, തങ്ങളോടുള്ള വിരോധം കാരണമാണെന്ന് മറ്റു രണ്ടുപേരും കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ കൂടുതൽ ആശ്രയിച്ചത് മാപ്പുസാക്ഷിയായി മാറിയ അയാസ് സയീദിന്റെ മൊഴിയാണ്. മാപ്പുസാക്ഷിയുടെ മൊഴി അടക്കമുള്ളവ പരിഗണിച്ചാണ് അഹ്മദാബാദ് പ്രത്യേക കോടതി 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും വിധിച്ചത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഖയാമുദ്ദീൻ കപാഡിയയാണ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭീഷണിയും പ്രേരണയും കാരണം മൊഴി നൽകിയതെന്നാരോപിച്ചത്. സയീദ് മാപ്പുസാക്ഷിയായി മാറുന്നതിനു മുമ്പ് താനുമായി സംസാരിച്ചിരുന്നുവെന്നും ഖയാമുദ്ദീൻ കോടതിയെ അറിയിച്ചു.
അഹ്മദാബാദിലെ ക്രൈംബ്രാഞ്ച് ഓഫിസിലെ സെല്ലിലും സബർമതി ജയിലിലും തങ്ങൾ ഒരുമിച്ചുണ്ടായിരുന്നുവെന്ന് പറഞ്ഞ മറ്റൊരു പ്രതി ശംസുദ്ദീൻ ശഹാബുദ്ദീൻ ശൈഖ്, തന്നോടുള്ള വ്യക്തിവിദ്വേഷവും അസൂയയും സയീദിന്റെ എതിർമൊഴിക്ക് പ്രേരണയായതെന്നാണ് ആരോപിച്ചത്.
ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തന്റെ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷ്, അറബി ഭാഷയിലുള്ള പ്രാവീണ്യത്തിലും സയീദിന് അസൂയ ഉണ്ടായിരുന്നു. കൂടാതെ, ബറേൽവി സുന്നിയായ സയീദിന് സുന്നിയായ തന്നോട് ഇതിന്റെ പേരിലും വിദ്വേഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് സയീദ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു -ശംസുദ്ദീൻ പറയുന്നു. പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെല്ലിൽ ടി.വി കൊണ്ടുവരാനുള്ള സയീദിന്റെ ശ്രമത്തെ താൻ എതിർത്തിരുന്നുവെന്നും ഇതു കാരണം അയാൾക്ക് തന്നോട് എതിർപ്പുണ്ടായിരുന്നുവെന്നും മറ്റൊരു പ്രതി മുഹമ്മദ് ഇഖ്ബാൽ ഖാസിയും ആരോപിച്ചു.
ജയിലധികൃതർ തന്നെ ടി.വി അനുമതി റദ്ദാക്കിയിരുന്നുവെന്നും അതിനു പിന്നിൽ താനാണെന്നു സയീദ് കരുതിയെന്നും ഖാസി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.