ചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം തകർച്ചയിലേക്ക്. തൂത്തുക്കുടിയിൽ ബി.ജെ.പി പ്രവർത്തകർ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ ഫോട്ടോകൾ കത്തിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. സഖ്യത്തിന്റെ ധർമ്മങ്ങൾ പളനിസാമി പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
കഴിഞ്ഞയാഴ്ച അഞ്ച് ബി.ജെ.പി നേതാക്കൾ പാർട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നിരുന്നു. സംസ്ഥാന ബി.ജെ.പിയുടെ ഐ.ടി വിഭാഗം മേധാവി സി.ആർ.ടി നിർമ്മൽ കുമാറും സ്ഥാനം രാജിവെച്ചിരുന്നു. ബുധനാഴ്ച നേതാക്കൾക്ക് പിന്തുണ അറിയിച്ച് പ്രവർത്തകരും എ.ഐ.എ.ഡി.എം.കെയിൽ എത്തിയിരുന്നു.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലെ ഡി.എം.കെ മന്ത്രിയുമായി രഹസ്യബന്ധം പുലർത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നിർമ്മൽ കുമാറിന്റെ രാജി. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകൾ എ.ഐ.എ.ഡി.എം.കെ തോറ്റിരുന്നു. ഈയടുത്ത് നടന്ന ഇറോഡ് ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് പ്രചാരണത്തിനിറങ്ങിയിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ നവംബറിൽ തമിഴ്നാട്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അമിത് ഷായുമായി പളനിസാമി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു പളനിസാമി അന്ന് പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ ബി.ജെ.പി പ്രവർത്തകരെ കുതിരക്കച്ചവടത്തിലൂടെ അണ്ണാ ഡി.എം.കെ അടർത്തിയെടുക്കുകയാണെന്ന ആരോപണം അധ്യക്ഷൻ അണ്ണാമലയും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.