ന്യൂഡൽഹി: ഇല്ലാത്ത സർവീസിന് ബുക്കിങ് സ്വീകരിച്ച് എയർ ഇന്ത്യ. എയർലൈനിന്റെ നടപടിമൂലം ജനം ദുരിതത്തിലായതോടെ തിടുക്കത്തിൽ മറ്റൊരു വിമാനം ക്രമീകരിച്ച് കമ്പനി പ്രശ്നം പരിഹരിക്കുകയായിരുന്നു. മാർച്ച് 27ന് ഭോപ്പാലിലായിരുന്നു സംഭവം.
എയർ ഇന്ത്യയുടെ എ.ഐ 481 എന്ന ഫ്ലൈറ്റിനായിരുന്നു യാത്രികർ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്കായിരുന്നു സർവീസ്. പിന്നീട് പൂണെയിലേക്കും വിമാനത്തിന്റെ സർവീസ് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, മാർച്ച് 27ാം തീയതി വിമാനം ഷെഡ്യൂൾ ചെയ്തിരുന്നില്ല.
ഇതറിയാതെ കമ്പനി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികർ ഡൽഹി, ഭോപ്പാൽ വിമാനത്താവളങ്ങളിലെത്തി. എയർ ഇന്ത്യ വിമാനം വൈകിയത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. എന്നാൽ, എ.ഐ 481 വിമാനം മൂന്ന് മണിക്കൂർ വൈകി പുറപ്പെട്ടുവെന്ന് മാത്രമാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. ഡൽഹിയിൽ നിന്നും ആറ് യാത്രക്കാരും അവിടെ നിന്നും പൂണെയിലേക്ക് 49 പേരും യാത്ര ചെയ്തിരുന്നുവെന്നും കമ്പനി അറിയിച്ചു.
അതേസമയം, എയർ ഇന്ത്യ ഈയടുത്ത് വിമാന സമയങ്ങളിൽ മാറ്റം വരുത്തിയിരുന്നു. പുതിയ ഷെഡ്യൂൾ പ്രകാരം ഞായറാഴ്ചകളിൽ എയർ ഇന്ത്യക്ക് ഡൽഹി-ഭോപ്പാൽ-പൂണെ സർവീസില്ല. വിമാനത്തിന്റെ ഷെഡ്യൂൾ നിർവഹിക്കുന്ന വിഭാഗവും റിസർവേഷൻ ഡിപ്പാർട്ട്മെന്റും തമ്മിൽ ശരിയായ രീതിയിൽ ആശയവിനിമയം നടക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.