അഹ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസിലെ) ഡോക്ടർമാർ ഗുജറാത്തിലെത്തി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഡോക്ടർമാർ സംസ്ഥാനത്തേക്ക് പുറപ്പെട്ടത്. രോഗബാധിതർ കൂടുതലുള്ള അഹ്മദാബാദിലെ ആശുപത്രി സന്ദർശിക്കുകയും അവിടത്തെ ഡോക്ടർമാർക്ക് മാർഗനിർദേശം നൽകുകയും ചെയ്തു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് എയിംസ് ഡയറക്ടറും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. രൺദീപ് ഗുലേറിയ, ഡോ. മനീഷ് സുരേജ എന്നിവർ ഗുജറാത്തിലെത്തിയത്.
അഹ്മദാബാദിലെ എസ്.വി.പി ആശുപത്രി, അഹ്മദാബാദ് സിവിൽ ആശുപത്രി എന്നിവിടങ്ങളിലെത്തി എയിംസ് ഡയറക്ടർ ചികിത്സ നിർദേശങ്ങൾ നൽകും. ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രി വിജയ് രൂപാനിയായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഗുജറാത്തിൽ ഇതുവരെ 7402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 449 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 390 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.