'ബാബരി വഴിയിൽ ഗ്യാൻവാപി മസ്ജിദും, രാജ്യത്തെ അസ്ഥിരപ്പെടുത്തും'; വിധിയിൽ മുന്നറിയിപ്പുമായി അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ല കോടതിയുടെ വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. കോടതി വിധി അസ്ഥിരപ്പെടുത്തുന്ന ഫലമുണ്ടാക്കുമെന്നും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് കേസിലെ മുൻ സുപ്രീംകോടതി വിധിയുമായാണ് വാരാണസി കോടതി വിധിയെ അദ്ദേഹം താരതമ്യം ചെയ്തത്. 'ഇതിനുശേഷം അസ്ഥിരപ്പെടുത്തുന്ന ഫലമാണുണ്ടാകുക. ബാബരി മസ്ജിദ് വിഷയത്തിലെ സമാനപാതയിൽ തന്നെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത്. ബാബരി മസ്ജിദിന്റെ വിധി വന്നപ്പോൾ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിധി രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു' -ഉവൈസി പറഞ്ഞു.

അഞ്ജുമാന്‍ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ വിധിക്കുശേഷം 1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശം പരാജയപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ല കോടതിയുടെ വിധിക്കു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.

ആരാധന നടത്താന്‍ അവകാശം തേടിയുള്ള ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹരജി കോടതി തള്ളിയിരുന്നു. ഈ മാസം 22ന് കേസിൽ തുടർവാദം കേൾക്കും. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം.

എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.


Tags:    
News Summary - AIMIM chief Asaduddin Owaisi warns after Varanasi court's order in Gyanvapi Masjid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.