മുംബൈ: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) ബി.ജെ.പിയുടെ 'ബി ടീം' അല്ലെന്നു തെളിയിക്കാൻ എൻ.സി.പിയും കോൺഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള പാർട്ടി എം.പി ഇംതിയാസ് ജലീൽ. സഖ്യത്തിലായാൽ മുച്ചക്ര ശിവസേന സഖ്യ സർക്കാറിന് നാലു ചക്രമുള്ള കാറായി ബി.ജെ.പിക്കെതിരെ ശക്തിയാർജിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ പാർട്ടികൾക്ക് അസദുദ്ദീൻ ഉവൈസിയെയും മജ്ലിസിനെയും വേണ്ട, മുസ്ലിം വോട്ട് മാത്രം മതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യത്തിന് തയാറാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും എൻ.സി.പി നേതാവുമായ രാജേഷ് തോപ്പെയെ ഇംതിയാസ് അറിയിച്ചു.
തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കുന്നത് മജ്ലിസ് കാരണമാണെന്നാണ് പതിവ് ആരോപണം. ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് സഖ്യ സന്നദ്ധത അറിയിച്ചത്. ബി.ജെ.പി രാജ്യത്തിന് താങ്ങാവുന്നതിലേറെ പരിക്കേൽപിച്ചു. ഉത്തർപ്രദേശിൽ ബി.എസ്.പിയും സമാജ് വാദി പാർട്ടിയുമായും സഖ്യത്തിന് ശ്രമിച്ചിരുന്നു- ഇംതിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഔറംഗാബാദിൽനിന്നുള്ള എം.പിയാണ് മുൻ പത്രപ്രവർത്തകനായ ഇംതിയാസ് ജലീൽ.
എന്നാൽ, മജ്ലിസിന്റെ സഖ്യ ക്ഷണം ശിവസേന തള്ളി. ഉമ്മയുടെ നിര്യാണത്തിൽ ദുഃഖമറിയിക്കാൻ ചെന്ന രാജേഷ് തോപ്പെ രാഷ്ട്രീയ ചർച്ചക്ക് നിൽക്കില്ലെന്ന് എൻ.സി.പി മഹാരാഷ്ട്ര അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു.
'ജനാബ് ശിവസേന'യെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ശിവസേനയെ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.