ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ചൈനയിലെ വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി എയർ ഇന്ത്യ. വെള്ളിയാഴ്ച 'വന്ദേ ഭാരത്' മിഷെൻറ ഭാഗമായി വുഹാനിലെത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിച്ച ശേഷമാണ് യാത്രയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വുഹാനിലേക്ക് പുറപ്പട്ട എല്ലാ യാത്രക്കാരുടെ കൈവശവും അംഗീകൃത ലാബുകളിൽനിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായും എയർ ഇന്ത്യ എൻ.ഡി.ടി.വിയോട് പറഞ്ഞു.
'അംഗീകൃത ലാബിൽനിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഡൽഹിയിൽനിന്ന് വുഹാനിലേക്ക് പുറപ്പെട്ട എല്ലാ യാത്രക്കാരുടെയും കൈവശമുണ്ട്. അധികൃതർ നിശ്ചയിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും എയർ ഇന്ത്യ കർശനമായി പാലിക്കുകയും എത്തിച്ചേരുന്ന രാജ്യത്തെയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു' -എയർ ഇന്ത്യ വ്യക്തമാക്കി.
രണ്ടു കോവിഡ് പരിശോധനകൾക്ക് ശേഷമാണ് എല്ലാ ഇന്ത്യൻ യാത്രക്കാർക്കും വിമാനത്തിൽ കയറാൻ അനുവാദം നൽകുക. രോഗം സ്ഥിരീകരിച്ച 19 പേർക്ക് പുറമെ മറ്റു 38 യാത്രക്കാർക്കും േരാഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ 58 യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. വന്ദേഭാരത് മിഷെൻറ ഭാഗമായി ഇതുവരെ ആറുവിമാനങ്ങൾ ചൈനയിൽ എത്തിയിരുന്നു. വുഹാനിലേക്ക് ആദ്യമായാണ് വിമാനം എത്തുന്നത്. കോവിഡിെൻറ പ്രഭവ കേന്ദ്രമായിരുന്നു ചൈനയിലെ വുഹാൻ.
ആദ്യമായല്ല എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് എത്തിപ്പെട്ട സ്ഥലങ്ങളിൽവെച്ച് രോഗം സ്ഥിരീകരിക്കുന്നത്. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് നവംബർ 10വരെ ഹോങ്കോങ് സർക്കാർ എയർ ഇന്ത്യ വിമാന സർവിസുകൾ റദ്ദാക്കിയിരിക്കുകയാണ്.
കോവിഡ് 19നെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനങ്ങൾ റദ്ദാക്കിയത്. തുടർന്ന് പ്രത്യേക വിമാനങ്ങൾ അനുവദിക്കുകയായിരുന്നു.
ചൈനീസ് മാനദണ്ഡങ്ങൾ അനുസരിച്ച് കോവിഡ് പരിശോധന ഫലം നെഗറ്റീവാകുന്നതുവരെ പ്രത്യേക സെൻററിൽ പാർപ്പിക്കും. നെഗറ്റീവ് ആയശേഷം മാത്രമേ പുറത്തുവിടൂ. കൂടാതെ എല്ലാ യാത്രക്കാർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറൻറീനും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.