ന്യൂഡൽഹി: കുപ്രസിദ്ധമായ പാനമ പേപ്പേഴ്സ് ആഗോള നികുതിവെട്ടിപ്പ് കേസിൽ പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അഞ്ചു മണിക്കൂർ ചോദ്യംചെയ്തു. ഡൽഹി ഇ.ഡി ഓഫിസിൽ ഹാജരായ ഐശ്വര്യയെ ചോദ്യം ചെയ്ത്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) പ്രകാരം മൊഴി രേഖപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 48കാരിയായ ഐശ്വര്യ ഇ.ഡി അധികൃതർക്ക് ഏതാനും രേഖകൾ സമർപ്പിച്ചിട്ടുണ്ട്.
സ്വന്തം രാജ്യത്തെ നികുതിയിൽനിന്ന് രക്ഷപ്പെടാൻ, നികുതി ഇളവുള്ള വിദേശരാജ്യങ്ങളിൽ കടലാസ് കമ്പനികൾ ഉണ്ടാക്കി പണം നിക്ഷേപിച്ച ഒട്ടേറെ ലോകനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പേരുവിവരങ്ങൾ, 'പാനമ പേപ്പേഴ്സ്' എന്ന പേരിൽ നടത്തിയ അന്വേഷണത്തിലൂടെ വാഷിങ്ടൺ ആസ്ഥാനമായ ഇൻറർനാഷനൽ കൺസോർട്യം ഫോർ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ) എന്ന കൂട്ടായ്മ 2016ൽ പുറത്തുകൊണ്ടുവന്നിരുന്നു.
ഇന്ത്യൻ ബന്ധമുള്ള 930 പേരുകളിലായി മൊത്തം 20,353 കോടി രൂപയുടെ നിക്ഷേപം ഇതുവരെ കണ്ടെത്തിയതായി അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടുണ്ട്. പാനമ പട്ടികയിൽ പേരുവന്ന ബച്ചൻ കുടുംബത്തിനെതിരെ 2017 മുതൽ അന്വേഷണം നടന്നുവരുകയാണ്. 2004 മുതലുള്ള കുടുംബത്തിെൻറ വിദേശ ഇടപാടുകൾ വിശദമാക്കാൻ ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിരുന്നു.
ബ്രിട്ടീഷ് വെർജിൻ ഐലൻഡിൽ 2005ൽ രൂപവത്കരിച്ച് 2008ൽ നിർത്തിയ കമ്പനിയുമായി ഐശ്വര്യക്ക് ബന്ധമുണ്ടെന്നാണ് ഐ.സി.ഐ.ജെ ആരോപിക്കുന്നത്. ഭർത്താവ് അഭിഷേക് ബച്ചനും കുടുംബത്തിനും ഈ കമ്പനിയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. സമാനമായ മറ്റൊരു കേസിൽ അഭിഷേകിനെ നേരത്തെ ഇ.ഡി ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.