ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കും; നോട്ടീസ് അയച്ച് ഇ.ഡി

ന്യൂഡൽഹി: വിദേശത്തെ സമ്പാദ്യങ്ങൾ സംബന്ധിച്ച്​ പാനമ രേഖകളിലുൾപ്പെട്ട നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നേരത്തെ, ഇ.ഡി നോട്ടീസ്​ നൽകിയിരുന്നെങ്കിലും നടി കൂടുതൽ സമയം ആവശ്യപ്പെട്ടതായിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്​. ഇ.ഡിയുടെ ഡൽഹി ഓഫീസിൽ ഇന്ന് ഹാജരാകുകയോ അല്ലെങ്കിൽ ഹാജരാകാനാകുന്ന ദിവസം അറിയിക്കുകയോ ചെയ്യാനാണ്​ നോട്ടീസിൽ പറയുന്നത്. പാനമ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. നേരത്തെ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഐശ്വര്യ റായ്​ ഹാജരായിരുന്നില്ല.

വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.

ബോളിവുഡ്​ സൂപ്പർ താരം അമിതാഭ്​ ബച്ചന്‍റെ മരുമകളാണ്​ ഐശ്വര്യ റായ്​. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

പാനമ രേഖകളില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്‍റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള 300 ഓളം പേര്‍ പാനമ രേഖകളിൽ ഉള്‍പ്പെട്ടിരുന്നു. പ്രമുഖരായ പലരും നിയവിധേയമല്ലാത്ത നിക്ഷേപങ്ങൾ വിദേശ രാജ്യങ്ങളിൽ നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ്​ പാനമ രേഖകളിലൂടെ പുറത്തു വന്നത്​. 

Tags:    
News Summary - Aishwarya Rai Bachchan Summoned By Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.