ന്യൂഡൽഹി: തീവ്രവാദ ഭീഷണിയെ തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ വിട്ടിലേയും ഓഫീസിലെയും സുരക്ഷ വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഹിദായത്തുള്ളാ മാലികിന്‍റെ അറസ്റ്റിന് പിന്നാലെ അയാളിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.
അജിത് ഡോവലിനെ ലക്ഷ്യമിട്ട് സർദാർ പേട്ടൽ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റ് ഉന്നത കേന്ദ്രങ്ങളിലും രഹസ്യാന്വേഷണം നടത്തിയിരുന്നു എന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2016ലെ ഉറി ആക്രമണത്തിനും 2019ലെ ബലാകോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരസംഘടനകളുടെ പ്രധാന ലക്ഷ്യമാണ് അജിത് ഡോവലെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പറയുന്നു.
ഫെബ്രുവരി ആറിന് മാലിക് അറസ്റ്റിലായതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ചിലരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷോപിയാനിലെ രണ്ട് നിവാസികൾ, ഹിദായത്തുള്ളാ മാലിക്കിന്‍റെ ഭാര്യ, ചണ്ഡിഗഢിലെ കോളേജ് വിദ്യാർഥി, ഒരു ബീഹാർ സ്വദേശി എന്നിവരെയാണ് ചോദ്യം ചെയ്തത്.
ആയുധങ്ങളും വെടിയുണ്ടകളുമായാണ് ഷോപ്പിയാൻ സ്വദേശിയായ മാലിക്കിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ ഒരു വാഹനവും പിടിച്ചെടുത്തിരുന്നു. ജയ്ഷ് ഫ്രണ്ട് ഗ്രൂപ്പായ ലഷ്കർ-ഇ-മുസ്തഫയുടെ തലവനായ മാലികിനെ അനന്ത്നാഗിൽ വെച്ച് അറസ്റ്റുചെയ്തതിന് ശേഷം ഗംഗ്യാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.