മുംബൈ: സുപ്രീംകോടതി വിധി മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിന് എതിരാകില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് എൻ.സി.പി നേതാവ് അജിത് പവാർ. ശിവസേന പിളർത്തിയ ഷിൻഡെയടക്കമുള്ള 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയിൽ ഹരജി നൽകിയത്. കുറെ പേർ പറയുന്നു ഈ സർക്കാർ നിയമവിരുദ്ധമാണെന്ന്. എന്നാൽ അവർക്ക് 145 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഓർക്കണം. അതിനാൽ ഒരുതരത്തിലുള്ള ഭീഷണിയുമില്ല.-എന്നാണ് അജിത് പവാർ അഭിപ്രായപ്പെട്ടത്.
എം.എൽ.എമാരെ സുപ്രീംകോടതി അയോഗ്യരായി പ്രഖ്യാപിച്ചാൽ ഷിൻഡെ സർക്കാരിന് രാജിവെക്കേണ്ടി വരും. എന്നാൽ അങ്ങനെയൊന്ന് ഉണ്ടാകില്ലെന്നാണ് അജിത് പവാർ പറയുന്നത്.
ബി.ജെ.പിയോടാണോ ഇപ്പോഴും അജിത് പവാറിന് ആത്മബന്ധം എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രസ്താവന. എൻ.സി.പിയെ പിളർത്തി വിമതരുമായി അജിത് പവാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിപ്രഖ്യാപിച്ച് ശരദ് പവാർ അതിന് തടയിടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ജയന്ത് പാട്ടീലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി സമൻസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.