മുംബൈ: മുസ്ലിം സമുദായത്തെ ഭീഷണിപ്പെടുത്തുകയോ, സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മുംബൈയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുന്നതിനിടെയാണ് ധനമന്ത്രി കൂടിയായ അജിത്തിന്‍റെ പരാമർശം.
സംസ്ഥാനത്ത് ഐക്യവും സാമുദായിക സൗഹാർദവും എന്നെന്നും നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഔറംഗസീബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് എൻ.സി.പി നേതാവിന്‍റെ പ്രതികരണം. ‘നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ, വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ വെറുതെവിടില്ല’ -അജിത് പവാർ പറഞ്ഞു. നിങ്ങളുടെ സഹോദരനായ അജിത് പവാർ എന്നും നിങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ഉറപ്പ് നൽകി.
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇതുവരെ 104 പൊലീസ് അറസ്റ്റ് ചെയ്തത്. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നും വിശ്വഹിന്ദു പരിഷത്തും ബജ്റങ് ദളും ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് സംഘർഷം പൊട്ടിപുറപ്പെടുന്നത്.
ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്തുവന്നിരുന്നു. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു. പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും കോൺഗ്രസ് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.