എസ്.ബി.​ഐ സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല -കേന്ദ്ര മന്ത്രി

എസ്.ബി.​ഐ സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല -കേന്ദ്ര മന്ത്രി

ന്യഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ധനസഹ മന്ത്രി. മാര്‍ച്ച് 2020 മുതല്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ റഗുലര്‍ സേവിങ്സ് അക്കൗണ്ട് ഉടമകളില്‍നിന്നും പിഴ ഈടാക്കുന്നില്ലെന്നും കേന്ദ്ര ധനസഹ മന്ത്രി പങ്കജ് ചൗധരി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ ലോക്സഭയില്‍ അറിയിച്ചു. ബാങ്കുകളില്‍ അക്കൗണ്ട് ഉടമകള്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിനാണ് മറുപടി നല്‍കിയത്.

എന്നാല്‍ ആര്‍.ബി.ഐ യുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ബാങ്കില്‍ അക്കൗണ്ട്തുടങ്ങുന്നതിന് മിനിമം ബാലന്‍സ് നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങള്‍ അക്കൗണ്ട് ഉടമയെ അറിയിക്കും. ബാങ്കില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിക്കുകയും ഒരു മാസത്തിനുള്ളില്‍ തുക ഒടുക്കി മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇട്ടില്ലായെങ്കില്‍ പിഴ ഈടാക്കുവാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണത്താല്‍ ഈടാക്കുന്ന പിഴ കൊണ്ട് അക്കൗണ്ട് ഒരിക്കലും നെഗറ്റീവ് അക്കൗണ്ടായി മാറുന്നില്ലായെന്ന് ഉറപ്പുവരുത്തണം.

2014 ലെയും 2015 ലെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറുകള്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലായെങ്കില്‍ പീനല്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നതിനും സർവീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബാങ്കിന്‍റെ ബോര്‍ഡ് തീരുമാനിക്കുന്ന നയപ്രകാരം സർവീസ് ചാര്‍ജ്ജുകളും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴയും ഈടാക്കുവാന്‍ ബാങ്കുകളെ അനുവദിച്ചിട്ടുണ്ട്.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കുന്നത് ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ സമ്മതിച്ചിട്ടുള്ള മിനിമം ബാലന്‍സിന്‍റേയും നിലവില്‍ ബാങ്ക് അക്കൗണ്ടിലുള്ള തുകയുടെയും വ്യത്യാസത്തിന് ആനുപാതികമായിരിക്കും. വിവിധ പ്രദേശങ്ങളില്‍ വിവിധ തരത്തിലുള്ള സ്ലാബുകളും ബാങ്കുകള്‍ക്ക് നിശ്ചയിക്കാം. എന്നാല്‍ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ല. ആയതിനാല്‍ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്നും പിഴ ഈടാക്കുകയില്ല. ബാങ്കുകള്‍ സർവീസ് ചാര്‍ജ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കുന്ന സർവീസ് ചാര്‍ജ്ജിനെ സംബന്ധിച്ച് സ്ഥിതി വിവര കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷിക്കുന്നില്ലായെന്നും കേന്ദ്രമന്ത്രി പ്രേമചന്ദ്രനെ അറിയിച്ചു.

Tags:    
News Summary - No minimum balance required in SBI savings account - Pankaj Chaudhary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.