ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിനോടുള്ള നീരസം അടങ്ങാതെ സമാജ്വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ്. 2024ൽ പി.ഡി.എ (പിഛ്ഡാ-ദലിത്-അൽപസംഖ്യക്) സഖ്യമായിരിക്കും എൻ.ഡി.എയെ പരാജയപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഇൻഡ്യ’ സഖ്യമുണ്ടായശേഷം ഇതാദ്യമായാണ് പിന്നാക്ക-ദലിത്-ന്യൂനപക്ഷ സഖ്യമായിരിക്കും ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന് അഖിലേഷ് പറയുന്നത്.
മധ്യപ്രദേശിൽ ആറു സീറ്റ് വാഗ്ദാനംചെയ്തശേഷം പിന്നീട് വാക്കുമാറിയെന്ന് ആരോപിച്ച് കമൽനാഥിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിരുന്നു. സമാജ്വാദി പാർട്ടി പ്രവർത്തകന്റെ ചിത്രം പങ്കുവെച്ച അഖിലേഷ്, 2024ലെ തെരഞ്ഞെടുപ്പ് പി.ഡി.എ വിപ്ലവമായിരിക്കുമെന്ന് ഞായറാഴ്ച ‘എക്സി’ൽ കുറിച്ചു. ‘മിഷൻ 2024. മുലായം സിങ് അനശ്വരനാകും. ഇത്തവണ അഖിലേഷ് യാദവിന്റെ വിജയം പി.ഡി.എ ഉറപ്പാക്കും. പാവങ്ങൾക്ക് നീതി കിട്ടുമെന്ന് അഖിലേഷ് ഉറപ്പാക്കും’ -ഇതായിരുന്നു കുറിപ്പ്.
ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള യു.പിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താതെ അവരെ കേന്ദ്ര ഭരണത്തിൽനിന്നിറക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ‘ഇൻഡ്യ’ സഖ്യം സമാജ്വാദി പാർട്ടിയെ ചേർത്തുപിടിച്ചത്. മായാവതിയുടെ ബി.എസ്.പി തുടക്കം മുതൽ പ്രതിപക്ഷ സഖ്യത്തോട് പുറംതിരിഞ്ഞുനിന്നപ്പോഴും അഖിലേഷ് സഖ്യവുമായി സഹകരിച്ചു. എന്നാൽ, ഇതിനിടയിൽ വന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. യു.പിയോട് അതിരിടുന്ന എസ്.പിയുടെ സ്വാധീന മേഖലകളിൽ ആറു സീറ്റ് വിട്ടുതരാമെന്ന് കമൽനാഥ് ആദ്യം വാഗ്ദാനം നൽകി പിന്നീട് വാക്കുമാറുകയായിരുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.