യു.പിയില്‍ പോര് രൂക്ഷം: ശിവ്പാൽ യാദവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

ലഖ്നോ: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലും സര്‍ക്കാറിലും പൊട്ടിത്തെറി രൂക്ഷമാകുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിങ് യാദവും തമ്മിലുള്ള പോരാണ് രൂക്ഷമായത്. പിതൃസഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാല് മന്ത്രിമാരെ അഖിലേഷ് യാദവ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയപ്പോള്‍ തിരിച്ചടിയായി രാജ്യസഭാ എം.പിയും അഖിലേഷ് അനുകൂലിയുമായ രാം ഗോപാല്‍ യാദവിനെ മുലായം സിങ് യാദവ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ശിവ്പാലിന് പുറമേ, കാബിനറ്റ് മന്ത്രിമാരായ നരദ് റായ്, ഓംപ്രകാശ് സിങ്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സയ്ദ ഷദാബ് ഫാത്തിമ എന്നിവരെയാണ് അഖിലേഷ് യാദവ് പുറത്താക്കിയത്. മുമ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട അമര്‍ സിങ്ങിനെ അനുകൂലിക്കുന്നവരാണ് ഈ മന്ത്രിമാര്‍. കഴിഞ്ഞ മാസം മുലായം സിങ് യാദവ് അമര്‍ സിങ്ങിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എം.എല്‍.എമാരുടെയും എം.എല്‍.സിമാരുടെയും യോഗത്തിലാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്. ശിവ്പാല്‍ യാദവിനെയും അദ്ദേഹത്തോട് അടുപ്പമുള്ള ചില എം.എല്‍.എമാരെയും യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. അമര്‍ സിങ്ങുമായി അടുപ്പമുള്ളവര്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനമില്ളെന്ന് അഖിലേഷ് യോഗത്തില്‍ പ്രഖ്യാപിച്ചു.
മന്ത്രിമാരെ പുറത്താക്കിയ വിവരം മുഖ്യമന്ത്രി ഗവര്‍ണര്‍ രാം നായിക്കിനെ അറിയിച്ചു. ശിപാര്‍ശ സ്വീകരിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജലസേചനം, റവന്യൂ, വെള്ളപ്പൊക്ക നിവാരണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയാണ് ശിവ്പാല്‍ യാദവ് വഹിച്ചിരുന്ന ചുമതലകള്‍. കഴിഞ്ഞമാസം ഈ വകുപ്പുകള്‍ ശിവ്പാല്‍ യാദവില്‍നിന്ന് അഖിലേഷ് യാദവ് നേരത്തേ എടുത്തുമാറ്റിയിരുന്നെങ്കിലും മുലായം സിങ് നടത്തിയ ഇടപെടലിനൊടുവില്‍ വകുപ്പുകള്‍ തിരിച്ചുനല്‍കുകയായിരുന്നു. അഖിലേഷ് യാദവിനെ പിന്തുണച്ച് ഞായറാഴ്ച രാവിലെ രംഗത്തത്തെിയതിന് പിന്നാലെയാണ് രാംഗോപാല്‍ യാദവിനെ മുലായം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. രാംഗോപാല്‍ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്ന് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ച ശിവ്പാല്‍ യാദവ് ആരോപിച്ചു. അഖിലേഷിനെ എതിര്‍ക്കുന്നവര്‍ നിയമസഭയില്‍ എത്തില്ളെന്നും അഖിലേഷ് എവിടെയാണോ അവിടെ വിജയമുണ്ടാകുമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി രാവിലെ പുറത്തിറക്കിയ കത്തില്‍ രാംഗോപാല്‍ പറഞ്ഞത്.
കഴിഞ്ഞമാസം, ശിവ്പാല്‍ യാദവിന്‍െറ അടുപ്പക്കാരനായ ചീഫ് സെക്രട്ടറിയെ അഖിലേഷ് യാദവ് പുറത്താക്കിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്. ഇതിന് തിരിച്ചടിയെന്നോണം അഖിലേഷ് യാദവിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി തന്‍െറ സഹോദരനായ ശിവ്പാല്‍ യാദവിനെ മുലായം സിങ് നിയമിച്ചു. അഖിലേഷ് യാദവിന്‍െറ അടുപ്പക്കാരായ നിരവധി യുവ നേതാക്കളെയും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് ശിവ്പാല്‍ യാദവിന്‍െറ വകുപ്പുകള്‍ എടുത്തുമാറ്റിയത്.  മുലായം സിങ് വിളിച്ചുചേര്‍ത്ത സമാജ്വാദി പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും എം.പിമാരുടെയും മന്ത്രിമാരുടെയും നിര്‍ണായക യോഗം തിങ്കളാഴ്ച നടക്കാനിരിക്കേയാണ് അഖിലേഷ് യാദവ് തിരിക്കിട്ട് മന്ത്രിമാരെ പുറത്താക്കിയത്. അതിനിടെ, അഖിലേഷ് യാദവ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയോ രാജിവെക്കുകയോ ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

 

Tags:    
News Summary - Akhilesh Yadav Drops Uncle Shivpal Yadav From Uttar Pradesh Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.