ലഖ്നോ: 2024ൽ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടും കൽപ്പിച്ചിറങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ. കഴിഞ്ഞ മാസം പാട്നയിൽ നടന്ന പ്രതിപക്ഷ സംയുക്ത യോഗം ബി.ജെ.പിയെ എതിർക്കുന്ന കക്ഷികളുടെ സംഗമവേദിയായി. അതേസമയം, തെരഞ്ഞെടുപ്പിൽ ആരാകും പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇതുവരെയും സൂചനയൊന്നും പുറത്തുവന്നിട്ടില്ല.
യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവിനോട് മാധ്യമപ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദമുന്നയിക്കുമോയെന്നായിരുന്നു ചോദ്യം. പ്രതിപക്ഷത്ത് പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ യോഗ്യരായ നിരവധി നേതാക്കളുണ്ടെന്നും, ഇതുസംബന്ധിച്ച തീരുമാനം പ്രതിപക്ഷ സഖ്യം പിന്നീടുള്ള അവസരത്തിൽ കൈക്കൊള്ളുമെന്നുമായിരുന്നു മറുപടി.
പ്രധാനമന്ത്രി സ്ഥാനാർഥിയായി അഭ്യൂഹമുയർന്ന മറ്റൊരു പേരാണ് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിന് മുൻകൈയെടുത്ത നേതാവ് കൂടിയാണ് ഇദ്ദേഹം. ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലലൻ സിങ് പറഞ്ഞത്, 2024 തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യം വീണ്ടും യോഗം ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ പുന:സ്ഥാപിക്കും. അതിന് വഴിയൊരുക്കുകയാണ് നിതീഷ് കുമാർ ചെയ്യുന്നതെന്നും ലലൻ സിങ് പറഞ്ഞു.
ലാലു പ്രസാദ് യാദവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് നടത്തിയ പ്രസ്താവനകൾ, രാഹുലിനെ പ്രതിപക്ഷം പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുമോയെന്ന അഭ്യൂഹവും ഉയർത്തുന്നുണ്ട്. രാഹുലിനോട് വിവാഹം കഴിക്കാൻ ലാലുപ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടലല്ലെന്നും ലാലു പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ആര് കഴിഞ്ഞാലും ഭാര്യയോടൊത്ത് കഴിയണമെന്നും ലാലു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.