ശ്രീനഗർ: കശ്മീരിൽ ജനജീവിതം താറുമാറാക്കി മഞ്ഞുവീഴ്ച. താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് വീണതുമൂലം വിമാന, റെയിൽവേ പ്രവർത്തനങ്ങളും തടസപ്പെടുകയും ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തു. ശനിയാഴ്ച 80% വിമാനങ്ങളും റദ്ദാക്കി. ബനിഹാൽ-ബാരാമുള്ള സെക്ഷനിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. താഴ്‌വരയിൽ ഉടനീളം വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.
ശ്രീനഗർ നഗരത്തിലും താഴ്‌വരയിലെ മറ്റ് സമതല പ്രദേശങ്ങളിലും ഉൾപ്പെടെ വെള്ളിയാഴ്ച മുതൽ കശ്മീരിലുടനീളം മിതമായതോ കനത്തതോ ആയ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. തെക്കൻ കശ്മീരിൽ സമതലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഞ്ഞുവീഴ്ചയും മധ്യ കശ്മീരിലെ സമതലങ്ങളിൽ മിതമായ മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി.
വടക്കൻ കശ്മീരിലെ സമതലങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ച ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രീനഗറിൽ എട്ട് ഇഞ്ച് മഞ്ഞും ഗന്ദേർബാലിൽ ഏഴ് ഇഞ്ചും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ സോനാമാർഗിൽ എട്ട് ഇഞ്ച് മഞ്ഞ് രേഖപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.
ബുദ്ഗാം ജില്ലയിലെ പ്രദേശങ്ങളിൽ 7-10 ഇഞ്ച് മഞ്ഞുവീഴ്ചയും അനന്ത്നാഗ് ജില്ലയിലെ സമതലങ്ങളിൽ ഏകദേശം 17 ഇഞ്ച് മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി. തെക്കൻ കശ്മീർ ജില്ലയുടെ മുകൾ പ്രദേശങ്ങളിൽ രണ്ടടിയിലധികം മഞ്ഞ് പെയ്തതായി അധികൃതർ അറിയിച്ചു. വിനോദസഞ്ചാര നഗരമായ പഹൽഗാമിൽ 18 ഇഞ്ച് മഞ്ഞ് രേഖപ്പെടുത്തി.
പുൽവാമ ജില്ലയിലെ പ്രദേശങ്ങളിൽ 10-15 ഇഞ്ച് മഞ്ഞുവീഴ്ചയും കുൽഗാമിൽ 18-25 ഇഞ്ചും ഷോപ്പിയാനിൽ 18 ഇഞ്ചും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഗുരെസ് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ആറ് മുതൽ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ലഭിച്ചു. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സമതലങ്ങളിൽ നാല് ഇഞ്ച് മഞ്ഞ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.