'ഭാവി പ്രധാനമന്ത്രി' വാദം തള്ളി അഖിലേഷ് യാദവ്; പോസ്റ്റർ പതിപ്പിച്ച വ്യക്തി പ്രകടിപ്പിച്ചത് അദ്ദേഹത്തിൻ്റെ ആ​ഗ്രഹം; പാർട്ടിയുടെ ലക്ഷ്യം ബി.ജെ.പിയെ തുരത്തുക മാത്രം

ലഖ്‌നോ: തന്റെ പേരിൽ പ്രചരിച്ച ഭാവി പ്രധാനമന്ത്രിയെന്ന ബാനറുകൾ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോസ്റ്റർ സ്ഥാപിച്ച വ്യക്തി അദ്ദേഹത്തിന്റെ ആഗ്രഹമാകും പറഞ്ഞതെന്നും പാർട്ടിയുടെ ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

"പോസ്റ്റർ പതിച്ചത് കൊണ്ട് ആരും പ്രധാനമന്ത്രിയാകില്ല. ഏതെങ്കിലും ഒരു അനുഭാവി അത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി അദ്ദേഹത്തിന്റെ ആഗ്രഹമാകാം പ്രകടിപ്പിച്ചത്. പാർട്ടിയുടെ ലക്ഷ്യം ബി.ജെ.പിയെ തുരത്തുക മാത്രമാണ്" അഖിലേഷ് യാദവ് പറഞ്ഞു.

ഇൻഡ്യ സഖ്യവുമായുള്ള തർക്കങ്ങൾ നിലനിക്കെയാണ് ഉത്തർപ്രദേശിലെ സമാജ് വാദി ഓഫീസിന് പുറത്തു അഖിലേഷ് യാദവ് ഭാവി പ്രധാനമന്ത്രി എന്നെഴുതിയ പോസ്റ്റർ പതിച്ചത്. പാർട്ടി വക്താവ് ആണ് പോസ്റ്റർ പതിച്ചത്. സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റിലുൾപ്പെടെ മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാദവ് സഖ്യവുമായി അതൃപ്തി വെളിപ്പെടുത്തിയത്. 2024ലെ തെരഞ്ഞെടുപ്പിൽ പി.ഡി.എയുടെ ഉദയമായിരിക്കും ജനങ്ങൾ കാണുകയെന്നും പി.ഡി.എയായിരിക്കും ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു. പിച്ചഡെ, ദലിത്, അൽപ സഖ്യസ് (പിന്നോക്ക ദലിത ന്യൂനപക്ഷം) എന്നതിൻെ ചുരുക്കെഴുത്താണ് പി.ഡി.എ. മധ്യപ്രദേശിൽ തങ്ങൾക്കെതിരെ നടന്നത് ചതിയാണെന്നും ഇത്തരം ആശയക്കുഴപ്പങ്ങൾ നിലനിന്നാൽ ഒരിക്കലും ബി.ജെ.പിയെ തുരത്തി മുന്നേറാൻ ഇൻഡ്യക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ തങ്ങൾക്ക് നൽകാമെന്ന് ഉറപ്പ് പറഞ്ഞ സീറ്റുകളിലാണ് കോൺ​ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺ​ഗ്രസിന് സീറ്റ് നൽകാൻ താത്പര്.മില്ലെങ്കിൽ അവർക്ക് അത് നേരത്തെ അറിയിക്കാമായിരുന്നു. കോൺ​ഗ്രസ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ആരാണ് പാർട്ടിക്കൊപ്പമുണ്ടാകുക? ഇൻഡ്യ സഖ്യം വരുന്നതിന് മുമ്പേ രൂപം കൊണ്ടതാണ് പി.ഡി.എ. ഇൻഡ്യസഖ്യമുണ്ടെങ്കിലും ഞങ്ങളുടെ പ്രവർത്തനം പി.ഡി.എയുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Akhilesh yadavs witty comment on future pm poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.