മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ കോവിഡ് വീണ്ടും ആശങ്ക വിതക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചു. 18,299ൽ നിന്ന് 22,222 ആയാണ് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കജനകമായ രീതിയിൽ വർധിക്കുകയാണെന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇത് നഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ആശങ്കയുയർത്തി കോവിഡ് വീണ്ടും തീവ്രമാവുന്നത്.
ഒരു മാസത്തിനിടെ മുംബൈയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. 1,929 പേർക്കാണ് വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 1,526 പേർക്കും ബുധൻ, ചൊവ്വ ദിവസങ്ങളിൽ യഥാക്രമം 1622, 1,142 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
ആഗസ്റ്റ് മൂന്നിന് മുംബൈയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 705 ആയിരുന്നു. ആഗസ്റ്റിൽ മിക്ക ദിവസങ്ങളിലും നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നിരുന്നില്ല. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ വീണ്ടും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.