ചെസ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രം വേണം -മദ്രാസ് ഹൈകോടതി

ബംഗളൂരു: ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന സർക്കാർ സ്ഥാപിച്ച പരസ്യബോർഡുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിലും പ്രമോഷനുകളിലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകൾ ഉൾപ്പെടുത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രാജേഷ് കുമാർ എന്നയാളാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ ഹരജി നൽകിയത്.

പൂർണമായും തമിഴ്‌നാട് സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പരിപാടിയാണിതെന്നും ക്ഷണ പത്രങ്ങളിലും പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നും അഡ്വ. ജനറൽ ആർ. ഷുൺമുഖസുന്ദരം വാദിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്നും അദ്ദേഹം തന്റെ പങ്കാളിത്തം സ്ഥിരീകരിച്ച ശേഷമാണ് ഫോട്ടോകൾ പ്രമോഷനുകളിൽ അച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷനൽ ചെസ് ഫെഡറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് സർക്കാർ പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്നും അദ്ദേഹം വാദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് സമ്മതപത്രം ലഭിച്ചതിനാൽ അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിക്കാത്തതിന്റെ കാരണവും കോടതി അംഗീകരിച്ചില്ല. പരിപാടി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകൾ അടങ്ങിയ പരസ്യങ്ങൾക്ക് കേടുപാടുകളോ നാശമോ ഉണ്ടാക്കുന്നില്ലെന്നും അത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ കർശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ജൂലൈ 28 മുതൽ ആഗസ്റ്റ് ഒമ്പത് വരെ ചെന്നൈയിലാണ് 44ാമത് ചെസ് ഒളിമ്പ്യാഡ് അരങ്ങേറുന്നത്. 1927 മുതൽ സംഘടിപ്പിക്കുന്ന ഒളിമ്പ്യാഡിന് ആദ്യമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 30 വർഷത്തിന് ശേഷമാണ് ഒളിമ്പ്യാഡ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ഇതിൽ പ​ങ്കെടുക്കുന്നുണ്ട്. ആറ് ടീമുകളിലായി 30 താരങ്ങൾ അടങ്ങുന്ന വലിയ സംഘത്തെയാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്.

Tags:    
News Summary - All advertisements of Chess Olympiad must have picture of President and Prime Minister - Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.