ആരോപണങ്ങളേറിയിട്ടും മാധബി ബുചിന് സർക്കാർ സംരക്ഷണം

ന്യൂഡൽഹി: ദിനംപ്രതി ആരോപണങ്ങൾ കുമിഞ്ഞുകൂടുമ്പോഴും സെബി അധ്യക്ഷക്ക് നിരുപാധിക പിന്തുണയുമായി കേന്ദ്രം. ഹിൻഡൻബർഗ് റിസർച്ചിന് പിന്നാലെ കോൺഗ്രസും അവസാനം സഹജീവനക്കാരും വരെ പ്രതിഷേധവുമായി ഇറങ്ങിയിട്ടും സർക്കാർ ഇടപെടാത്തത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ ഓഹരി നിക്ഷേപ ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗാണ് മാധബി പുരി ബുചിനെതിരെ ആദ്യം ആരോപണമുന്നയിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി മേധാവി മാധബിക്കും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ സെബി അന്വേഷണത്തിന് മടിക്കുന്നതിന്റെ കാരണം ഇതാണെന്നുമായിരുന്നു ആരോപണം. സെബി അംഗമായിരുന്നുകൊണ്ട് തന്നെ മാധബി ബുച് ഐ.സി.ഐ.സി.ഐബാങ്കിൽനിന്നും ശമ്പളം പറ്റിയെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് ആരോപണമുന്നയിച്ചത്. ഇത് ബാങ്ക് നിഷേധിച്ചെങ്കിലും ഐ.സി.ഐ.സി.ഐ ബാങ്ക് -ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലയനത്തിൽ സെബിയുടെ ഉദാര നിലപാടുകൾ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ, സോണി -സീ ലയനം പൊളിഞ്ഞതിന് പിന്നിൽ മാധബി ബുചാണെന്ന് ആരോപിച്ച് സീ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്ര ഗാർഗും രംഗത്തെത്തിയിരുന്നു.

സെബി അധ്യക്ഷയെ ‘അഴിമതിക്കാരി’ എന്ന് വിശേഷിപ്പിച്ച സുഭാഷ് അവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Allegations against SEBI chairperson Madhabi Puri Buch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.