ചെന്നൈ: മക്കൾ നീതി മയ്യത്തിന്‍റെ ആശയങ്ങൾ എം.കെ. സ്റ്റാലിന്‍റെ ഡി.എം.കെ മോഷ്ടിച്ചുവന്ന ആരോപണവുമായി തമിഴ് സൂപ്പർ താരം കമൽ ഹാസൻ. വീട്ടുജോലിക്ക് ശമ്പളം, പ്രതിവർഷം 10 ലക്ഷം തൊഴിലവസരങ്ങൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് കൈതാങ്ങ് തുടങ്ങിയവ ഡി.എം.കെ മോഷ്ടിച്ചുവെന്നാണ് ആരോപണം.
വീട്ടുജോലി ഓഫിസ് ജോലിയായി പരിഗണിച്ച് മാസം 1,000 രൂപ വീട്ടമ്മമാർക്ക് നൽകുമെന്നാണ് ഡി.എം.കെയുടെ വികസനരേഖയിലെ വാഗ്ദാനം. കൂടാതെ പ്രതിവർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയർത്തുമെന്നും ഡി.എം.കെ പറയുന്നു.
'തമിഴ്നാട്ടിലെ എല്ലാ കുടുംബനാഥകൾക്കും മാസം 1,000 രൂപ ശമ്പളം നൽകാൻ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാകും' -തിരുച്ചിറപ്പിള്ളിയിൽ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു.
നേരത്തേ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന കമൽഹാസന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമൽ ഹാസന്‍റെ പ്രഖ്യാപനം. 'അദ്ദേഹം (സ്റ്റാലിൻ) ഞങ്ങളുടെ ആശയങ്ങൾ പകർത്തി അവരുടേതാക്കി മാറ്റി. നേരത്തേ ഞാൻ പറഞ്ഞു വീട്ടമ്മമാർക്ക് ശമ്പളം ഉറപ്പാക്കുമെന്ന്, ഇേപ്പാൾ അദ്ദേഹം പറയുന്നു വീട്ടമ്മമാർക്ക് 1000 രൂപ വീതം നൽകുമെന്ന്. ബെയ്ജിങ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നൽകിയ ആദ്യ രാഷ്ട്രീയ പാർട്ടി ഞങ്ങളുടേതാണ്' -കമൽ ഹാസൻ പറഞ്ഞു.
മക്കൾ നീതി മയ്യം സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകൾ അഞ്ചുവർഷത്തിനുള്ളിൽ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഡി.എം.കെയുടെ വാഗ്ദാനം ഒരു വർഷം 10ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ്. അഞ്ചുവർഷം കൊണ്ട് 50 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നതിന് സമാനമാണിതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.