ന്യൂഡൽഹി: പാകിസ്താനുമായി സാധാരണമായ അയൽപക്ക ബന്ധങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ. എന്നാൽ, അത്തരമൊരു ബന്ധത്തിന് ഭീകരതയിൽനിന്നും അക്രമത്തിൽനിന്നും മുക്തമായ അന്തരീക്ഷം വേണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി കൂട്ടിച്ചേർത്തു.
കശ്മീർ അടക്കം പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്. ഇന്ത്യ-പാക് ചർച്ചക്ക് യു.എ.ഇ മധ്യസ്ഥത വഹിക്കണമെന്ന കാഴ്ചപ്പാടും അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയുമായി നടത്തിയ മൂന്നു യുദ്ധങ്ങളിൽനിന്ന് പാകിസ്താൻ പാഠം പഠിച്ചെന്നും ഇനി ഇന്ത്യയുമായി സമാധാനത്തിൽ കഴിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, എതിർപ്പിനെ തുടർന്ന്, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് ശഹ്ബാസ് ശരീഫ് പിന്നീട് തിരുത്തി.
പുൽവാമ ഭീകരാക്രമണവും അതിന് മറുപടിയായി 2019 ഫെബ്രുവരിയിൽ ബാലാകോട്ടിലെ ജയ്ശെ മുഹമ്മദ് പരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഏറെ മോശമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.