ചണ്ഡിഗഢ്: പഞ്ചാബിലെ കോൺഗ്രസിെൻറ വിജയമുഖമാണ് കഴിഞ്ഞദിവസം പടിയിറങ്ങിയ മുഖ്യമന്ത്രി അമരീന്ദർ സിങ്. പ്രാദേശിക നേതൃത്വങ്ങളിൽ ഏറ്റവും കരുത്തുറ്റ നേതാവ്. ശിരോമണി അകാലിദളിനോടും ഡൽഹിക്കുശേഷം അടുത്ത തട്ടകമായി പഞ്ചാബിനെ കണ്ട ആം ആദ്മി പാർട്ടിയോടും ശക്തമായി പോരടിച്ചാണ് 2017ൽ കോൺഗ്രസിനെ അമരീന്ദർ വിജയ കിരീടത്തിലെത്തിച്ചത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് തൂത്തെറിയപ്പെട്ടപ്പോഴും പഞ്ചാബിൽ പാർട്ടി കരുത്തോടെ നിന്നത് അമരീന്ദറിെൻറ മികവുെകാണ്ടാണെന്ന് പാർട്ടിയിലെ എതിരാളികളും സമ്മതിക്കും.
ഇതിനിടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ 50ഓളം എം.എൽ.എമാരടക്കമുള്ള കോൺഗ്രസ് സംസ്ഥാന സമിതി മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി സോണിയ ഗാന്ധിയെ കാണുന്നത്. ഇതോടെ സംസ്ഥാന കോൺഗ്രസിൽ കലഹം മൂർച്ഛിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി വിട്ട് നവജ്യോത് സിങ് സിദ്ദു കോൺഗ്രസിൽ ചേരുന്നത്. സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും കാബിനറ്റ് മന്ത്രി പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത് അമരീന്ദറിനും സിദ്ദുവിനും ഇടയിൽ അകൽച്ച വർധിപ്പിച്ചു.
പാർട്ടി അധികാരത്തിലെത്തി രണ്ടു വർഷം തികഞ്ഞപ്പോൾ നടന്ന മന്ത്രിസഭ പുനഃസംഘടനയിൽ സിദ്ദുവിൽനിന്ന് സുപ്രധാന വകുപ്പുകൾ എടുത്തുമാറ്റി. തുടർന്ന് അദ്ദേഹം മന്ത്രിസഭയിൽനിന്നും രാജിവെച്ചു. ഇത് ഇരുവർക്കുമിടയിൽ അകൽച്ച കൂട്ടി. രാഹുൽ ഗാന്ധി നടത്തിയ സമവായ ചർച്ചയെ തുടർന്ന് സിദ്ദുവിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. സിങ്ങിെൻറ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. ഇരുവർക്കുമിടയിലെ കലഹമാണ് ഒടുവിൽ സിങ്ങിെൻറ രാജിയിൽ കലാശിച്ചിരിക്കുന്നത്.
പട്യാലയിലെ പരേതനായ മഹാരാജ യാദവീന്ദ്ര സിങ്ങിെൻറ മകനായ അമരീന്ദർ, ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഖടക്വാസ്ലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് 1963ൽ ബിരുദം നേടി. ഇന്ത്യൻ ആർമിയുടെ ഭാഗമായ അദ്ദേഹം ഇന്തോ-തിബത്തൻ അതിർത്തിയിൽ രണ്ടു വർഷം സേവനം ചെയ്തു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായ സിങ്ങിെൻറ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് 1980ൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. 1984ലെ ഓപറേഷൻ ബ്ലൂസ്റ്റാറിെൻറ ഭാഗമായി സുവർണ ക്ഷേത്രത്തിൽ സൈന്യം പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചു. കോൺഗ്രസും വിട്ടു.
1985 ആഗസ്റ്റിൽ അകാലിദളിൽ ചേർന്ന് മത്സരിച്ച് പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അമൃത്സറിൽനിന്ന് മത്സരിച്ച സിങ് ബി.ജെ.പിയുടെ അരുൺ ജെയ്റ്റ്ലിയെ ഒരു ലക്ഷത്തിലധികം വോട്ടിെൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിെൻറ ഓർമക്കുറിപ്പുകൾ ഉൾപ്പെടെ ഒന്നിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.