അമൃത്സർ: നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പി.സി.സി അധ്യക്ഷനാക്കുന്നതിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനും ഒരേ സമുദായത്തിൽ നിന്ന് വേണ്ട എന്ന് കാണിച്ചാണ് അമരീന്ദർ സിങ് കത്തയച്ചത്. പ്രശ്നം പരിഹരിക്കാന്‍ ദലിത് വിഭാഗത്തിൽ നിന്നുള്ള രണ്ട് വർക്കിങ് പ്രസിഡന്‍റുമാരെ കൂടി കൊണ്ടുവന്ന് ജാതി സമവാക്യം പാലിക്കാൻ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്.
അമരീന്ദർ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഫോർമുലയായാണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും.
പാർട്ടിയിലെ രണ്ട് പ്രമുഖർ തമ്മിലുള്ള അധികാര വടമവലി അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധയോടെയാണ് ഹൈക്കമാൻഡ് കരുനീക്കുന്നത്. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുേമ്പാൾ അധികാരം പിടിച്ചെടുക്കാൻ ആം ആദ്മി പാർട്ടിയും ശിരോമണി അകാലി ദളും രംഗത്തുണ്ട്.
അമരീന്ദറിനെ അനുനയിപ്പിക്കാൻ ഹരീഷ് റാവത്ത് ഇന്ന് കൂടിക്കാഴ്ച നടത്തും. അമരീന്ദർ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാവുമെന്ന് പാർട്ടി വക്താവ് ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ദു പാർട്ടിയുടെ ഭാവി നേതാവാണ്. ഇത് മനസിൽ കണ്ട് മാത്രമേ പാർട്ടി അന്തിമ തീരുമാനമെടുക്കുവെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു. ദലിത് സമുദായാംഗത്തെ ഉൾപെടുത്തി മന്ത്രിസഭ അഴിച്ചുപണിയാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.