ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം മുറുകുന്നതിനിടെ ശക്തി പ്രകടനവുമായി മുഖ്യമന്ത്രി അമരീന്ദർ സിങ്. 50ൽ അധികം എം.എൽ.എമാർക്കും എട്ട് എം.പിമാർക്കും അത്താഴവിരുന്നൊരുക്കിയായിരുന്നു അമരീന്ദറിന്‍റെ ശക്തിപ്രകടനം.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി റാണ ഗുർമീത് സോധിയുെട വസതിയിലായിരുന്നു വിരുന്ന്. 'സമാനചിന്താഗതിക്കാരായ പഞ്ചാബ് കോൺഗ്രസിലെ എം.എൽ.എമാരെയും എം.പിമാരെയും ക്ഷണിച്ചു. അതിൽ 58 എം.എൽ.എമാരും എട്ടു എം.പിമാരും ക്ഷണം സ്വീകരിച്ചെത്തി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യാത്ര ഇന്ന് ഇവിടെ തുടങ്ങും' -സോധി പറഞ്ഞു.
അമരീന്ദർ സിങ്ങിനെതിരെ പടയൊരുക്കവുമായി നാലു മന്ത്രിമാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്‍റെ സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്തുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ചരൺജിത്ത് സിങ് ചന്നി ഒഴികെ മറ്റു മൂന്നുപേരും വിഡിയോ കോൺഫറൻസ് വഴി നടന്ന മന്ത്രിസഭ യോഗത്തിലും പങ്കെടുത്തിരുന്നില്ല. ഹൈക്കമാൻഡിനെ കാണുന്നതിനായി അവർ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
ത്രിപത് രജീന്ദൻ ബജ്വ, സുഖ്ജീന്ദർ സിങ് രാന്ദവ, സുഖ്ബീന്ദർ സിങ് സർകാരിയ തുടങ്ങിയ വിമത നേതാക്കൾ ഹൈകമാൻഡിനെകണ്ട് അമരീന്ദറിന്‍റെ രാജി ആവശ്യം ഉന്നയിച്ചേക്കും.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ പാർട്ടി വിജയം കൈവരിക്കണമെങ്കിൽ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് വിമത നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാണ് അമരീന്ദറിനെതിരെ ഉയർത്തുന്ന പ്രധാന വാദം. സർക്കാറിന് ഇത് പാലിക്കാൻ കഴിയുെമന്ന വിശ്വാസം ഇല്ലെന്നും ജനങ്ങൾ അസ്വസ്ഥരാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അമരീന്ദറിനെ മാറ്റില്ലെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അമരീന്ദറിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രധാന എതിരാളിയായ നവജ്യോത് സിദ്ദുവിനെ പാർട്ടി സംസ്ഥാന അധ്യക്ഷനായി പ്രശ്നങ്ങൾ പരിഹരിക്കാനുമായിരുന്നു പാർട്ടി ശ്രമം. എന്നാൽ ഈ ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് പുറത്തുവരുന്ന സൂചന. ഇത് പഞ്ചാബ് കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറികൾക്കും ഇടയാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.