ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാന വാഗ്ദാനം നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബിൽ ഒരു സിഖ് മുഖ്യമന്ത്രി അല്ലെങ്കിൽ അതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അംബിക സോണി നേതൃത്വത്തെ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
പഞ്ചാബിൽ പാർട്ടി നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് മൂന്ന് രാഷ്ട്രീയ നിരീക്ഷകർ എല്ലാ എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പ് അടുത്തതിന് മുമ്പ് പാർട്ടി നേതൃത്വത്തിന് വന്ന പ്രതിസന്ധിയിൽ അതൃപ്തരാണ് ഭൂരിഭാഗം നേതാക്കളുമെന്നാണ് വിവരം.
ശനിയാഴ്ചയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തെരഞ്ഞെടുപ്പിൽ പഞ്ചാബിന്‍റെ ഗതി നിർണയിക്കുന്നതാകും കോൺഗ്രസിന്‍റെ അടുത്ത നീക്കം. എല്ലാവർക്കും സ്വീകാര്യനായ മുഖ്യമന്ത്രിയെയാണ് കോൺഗ്രസിന് ഇേപ്പാൾ ആവശ്യം.
'മുതിർന്ന നേതാക്കളായ ഹരീഷ് റാവത്ത്, അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ എം.എൽ.എമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയ ഗാന്ധിയെടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. ഞായറാഴ്ച അവരുടെ തീരുമാനം അറിയാനാകും' -പഞ്ചാബ് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് പവൻ ഗോയൽ പറഞ്ഞു.
മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ സുനിൽ ജാക്കർ, അംബിക സോണി, പാർട്ടി സംസ്ഥാന തലവൻ നവജ്യോത് സിങ് സിധു, മന്ത്രി സുഖ്ജീന്ദർ സിങ് രന്ദാവ തുടങ്ങിയവയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകൾ. അംബിക സോണി മുഖ്യമന്ത്രി സ്ഥാന വാഗ്ദാനം നിരസിക്കുകയും ചെയ്തു. ഇവർക്ക് പുറമെ തൃപ്ത് രജീന്ദർ സിങ് ബജ്വ, കോൺഗ്രസ് എം.പി പ്രതാബ് സിങ് ബജ്വ എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.